പെരുമ്പാവൂർ: റീസർവേയുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകൾ അടിയന്തരമായി തീർപ്പാക്കണമെന്ന് കുന്നത്തുനാട് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.
പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലും എക്‌സൈസ് ഓഫീസിലും കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. പെരിയാർവാലി കനാലിലൂടെ ഡിസംബർ ആദ്യവാരത്തിൽ വെള്ളം തുറന്നുവിടണം.
പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഡിസംബറിൽ പൂർത്തീകരിക്കുമെന്നും പെരുമ്പാവൂർ കൂവപ്പടി റോഡിന്റെയും, കീഴില്ലം കുറിച്ചിക്കോട് റോഡിന്റെയും എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കി ടെൻഡർ നടപടികൾ തുടങ്ങുമെന്നും കുറുപ്പംപടി പാറ റോഡിന്റെ ടാറിംഗ് പെട്ടെന്ന് തീർക്കുമെന്നും പൊതുമരാമത്ത് എൻജിനിയർ അറിയിച്ചു. നവംബർ പത്തിനകം പെരുമ്പാവൂർ ഡിപ്പോയിൽനിന്ന് കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കും. ലഹരി വ്യാപനം തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് പരിശോധനശക്തമാക്കുന്നതിനും തീരുമാനിച്ചു. ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് പൈപ്പിടൽ പ്രവൃത്തികൾ പൂർത്തീകരിക്കണമെന്നും യോഗം വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി.
വന്യജീവികളുടെ ശല്യം തടയുന്നതിന് ആധുനിക രീതിയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നിന് 3 കോടി രൂപയുടെ പദ്ധതി നബാർഡിന് സമർപ്പിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവ് നികത്തുന്നതിന് അടിയന്തര നടപടി കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.വി ശ്രീനിജൻ എം.എൽ.എ, ജനപ്രതിനിധികളായ അൻവർ അലി, ബേസിൽ പോൾ, ശാരദ മോഹൻ, ഷൈമി വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ബി ഹമീദ്, കെ.എൻ അജയകുമാർ, പി.ആർ പ്രകാശ്, സോണിയ മുരുകേശൻ, തഹസിൽദാർ ജോർജ് ജോസഫ്, വിവിധ രാഷ്ടീയകക്ഷി പ്രതിനിധികളായ സി.എം അബ്ദുൾ കരീം, കെ.പി റെജിമോൻ, എൻ.വി.സി അഹമ്മദ്, കെ.പി ബാബു, ജോർജ് കിഴക്കുമശേരി, പോൾ വർഗീസ്, എം.പിയുടെ പ്രതിനിധി എൽദോ മോസസ് വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.