office

കൊച്ചി: ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഓഫീസിൽ ഹാജരാകുന്നുണ്ടോ എന്നറിയാൻ എന്ത് സംവിധാനമാണുള്ളതെന്ന് റിപ്പോർട്ട് ചെയ്യാൻ കൊച്ചി കോർപ്പറേഷനോട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബു‌ഡ്സ്മാൻ നിർദ്ദേശിച്ചു. വടുതല രാധാനിവാസിൽ എൻ. മുത്തുസ്വാമി നൽകിയ പരാതിയുടെ തെളിവെടുപ്പിന് ഓൺലൈൻ സിറ്റിംഗി​ൽ കേസ് വിളിച്ചപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരാകാതിരുന്നതാണ് പ്രശ്നമായത്.

രാവിലെ കേസ് പരിഗണിച്ചപ്പോൾ ഉദ്യോഗസ്ഥൻ ഓഫീസിൽ ഇല്ലെന്ന് ലീഗൽ അസിസ്റ്റന്റ് അറിയിച്ചു. കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ പലപ്പോഴും വൈകിയാണ് ഓഫീസിൽ എത്തുന്നതെന്നും മുമ്പും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും ഓംബുഡ്സ്മാൻ ജസ്റ്റി​സ് പി​.എസ്.ഗോപി​നാഥൻ നിരീക്ഷിച്ചു. ഹാജരാകേണ്ടിയിരുന്ന അസി.എൻജിനിയർ ഫീൽഡ് സ്റ്റാഫ് ആണെന്നും ഫീൽഡിൽ പോയിരിക്കുകയാണെന്നും ലീഗൽ അസിസ്റ്റന്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഫീൽഡ് സ്റ്റാഫ് ഫീൽഡിൽ പോകുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ എന്താണെന്നും മൂവ്മെന്റ് രജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ടോയെന്നും കൃത്യമായി പരിപാലിക്കുന്നുണ്ടോയെന്നും റിപ്പോർട്ട് ചെയ്യാൻ ഓംബുഡ്സ്മാൻ നിർദ്ദേശിച്ചു. അനധികൃത കെട്ടിടം പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ലെന്നായിരുന്നു പരാതിക്കാരൻ ബോധിപ്പിച്ചത്. കേസ് 28ന് വീണ്ടും പരിഗണിക്കും.