കൊച്ചി: ചേർത്തല നഗരസഭയ്ക്കു നൽകാനുള്ള തുക അടയ്ക്കാതിരുന്ന വാർഡ് മെമ്പർക്ക് അയോഗ്യത കൽപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടണമെന്ന് നഗരസഭാ സെക്രട്ടറിക്ക് ഓംബുഡ്സ്മാന്റെ നിർദ്ദേശം. ഇക്കാര്യത്തിൽ അലംഭാവം കാട്ടിയ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതിരിക്കണമെങ്കിൽ കാരണം ബോധിപ്പിക്കണമെന്നും ചേർത്തല സ്വദേശി ആർ. സിദ്ധാർത്ഥൻ നൽകിയ പരാതിയിൽ ജസ്റ്രിസ് പി.എസ്. ഗോപിനാഥൻ നിർദ്ദേശിച്ചു. വിചാരണ 28ലേക്കു മാറ്റി.
വാർഡ് മെമ്പറുടെ കെട്ടിടത്തിലേക്കു വഴി നൽകിയതിന്റെ പാട്ടത്തുക രണ്ടാഴ്ചയ്ക്കകം ഈടാക്കണമെന്നു ജൂലായ് 11ന് ഓംബുഡ്സ്മാൻ ഉത്തരവിട്ടിരുന്നു. തുക അടച്ചില്ലെങ്കിൽ നഗരസഭയുടെ സ്ഥലത്തു കൂടി വഴിനടക്കുന്നത് തടയണമെന്നും നിർദ്ദേശിച്ചിരുന്നു. ജൂലായ് 14ന് നോട്ടീസ് നൽകിയെന്നു സെക്രട്ടറി ബോധിപ്പിച്ചെന്നല്ലാതെ നടപടിയുണ്ടായില്ല. കെട്ടിടത്തിൽ പാർക്കിംഗ് സൗകര്യമില്ലെന്നും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നുമുള്ള പരാതിയിലും നടപടിയെടുത്തില്ലെന്ന് ഓംബുഡ്സ്മാൻ ചൂണ്ടിക്കാട്ടി. മെമ്പർക്കു പിഴചുമത്താത്തതിന്റെയും നടപടി വൈകുന്നതിന്റെയും കാരണം അടുത്ത വിചാരണയ്ക്ക് ഓൺലൈനിൽ ഹാജരായി സെക്രട്ടറി ബോധിപ്പിക്കണം. അതേസമയം, വഴിയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്നു മെമ്പർ നേടിയ അനുകൂലവിധി പരിഗണിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.