ഫോർട്ടുകൊച്ചി: കൊച്ചി തീരത്ത് കഴിഞ്ഞ ഒരാഴ്ചയായി നെയ്ചാള കൊയ്ത്ത്. പക്ഷേ, വള്ളക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും ഒരു പ്രയോജനവുമില്ല. വള്ളം നിറയെ കിട്ടുന്ന മത്സ്യം കുറഞ്ഞവിലയ്ക്ക് ഇടനിലക്കാർ സ്വന്തമാക്കുകയാണ്. കിലോ പത്തുരൂപയ്ക്ക് വരെ ഇടനിലക്കാർക്ക് വിൽക്കാൻ വള്ളക്കാർ നിർബന്ധിതരാകുന്നു.
ചാള കിലോയ്ക്ക് 20 മുതൽ 40 രൂപ വരെയാണ് മത്സ്യത്തൊഴിലാളികൾക്ക് പൊതുവെ ലഭിക്കുന്നത്. ചില്ലറ വിപണിയിലിൽ ഇതിന് 150 മുതൽ 200 രൂപവരെയാണ് വില. ചെല്ലാനം ഹാർബർ, ഫോർട്ടുകൊച്ചി, പുതുവൈപ്പ്, ഞാറയ്ക്കൽ തുടങ്ങിയ തീരദേശ മേഖലകളിലാണ് നെയ്ച്ചാള വ്യാപകമായി ലഭിക്കുന്നത്. കടലിളക്കവും മാറുന്ന കാലവസ്ഥയുമാണ് ചാള കൊയ്ത്തിന് കാരണം.
മത്സ്യത്തൊഴിലാളികൾക്ക് മീൻ സൂക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇടനിലക്കാർ മുതലെടുക്കുന്നത്. മത്സ്യഫെഡ് അടക്കമുള്ള സർക്കാർ ഏജൻസികൾ മത്സ്യത്തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിൽ പരാജയമാണ്. മണ്ണെണ്ണ ലിറ്ററിന് 100-120 രൂപയ്ക്ക് വാങ്ങിയാണ് പല വള്ളങ്ങളും കടലിൽ പോകുന്നത്.
പിടിക്കുന്ന മത്സ്യം സൂക്ഷിക്കാനുള്ള അസൗകര്യമാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നം. ചെറുകിട ഹാർബറുകൾക്ക് സമീപം ശീതീകരണശാലകൾ തുടങ്ങാൻ സർക്കാർ തയാറാകണം.
ആന്റണി
മത്സ്യത്തൊഴിലാളി