nadapatha
പുഴയോര നടപ്പാത നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിക്കുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴയാർ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര പദ്ധതിയുടെ പ്രധാന ആകർഷണമായ പുഴയോര നടപ്പാതയി​ൽ ശുചീകരണം നടത്തി​ സുന്ദരമാക്കി​യതോടെ പ്രഭാത സായാഹ്ന സവാരി​ക്കാർ ഉഷാറായി​.

ടൂറിസം വികസനം ലക്ഷ്യം വച്ച് കോടികൾ മുടക്കി കൊണ്ടുവന്ന പുഴയോര നടപ്പാത കാടുകയറി കിടക്കാൻ തുടങ്ങിയിട്ട് നാളുകളായിരുന്നു.

നഗരസഭയുടെ നേതൃത്വത്തിലാണ് നടപ്പാത ശുചീകരിച്ച് വൃത്തിയാക്കിയത്. ഇതിനു പുറമെ നടപ്പാതയിൽ മരം വീണതിനെതുടർന്ന് കുന്നുകൂടിയ മണ്ണുംനീക്കം ചെയ്തു.

പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കുമൊക്കെ ഇവിടെ എത്തിയിരുന്നവർ പലരും നടക്കുവാൻ വേറെവഴി

തി​രഞ്ഞെടുത്തി​രുന്നു.

........................................................

ഇനി​യും പ്രശ്നങ്ങൾ

മരം വീണു തകർന്ന കൈവരികൾ നന്നാക്കാൻ ഇപ്പോഴും നടപടിയില്ല

നടപ്പാതയിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച വഴിവിളക്കുകൾ തെളി​യുന്നി​ല്ല

നടപ്പാത പൂർവ സ്ഥിതിയിലാക്കാൻ വൻ തുക വേണ്ടി വരും

.............................................................

അമ്പതോളം ലൈറ്റുകൾ, 1.25 കി​ലോ മീറ്റർ

മൂവാറ്റുപുഴയാർ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര പദ്ധതിയുടെ പ്രധാന ആകർഷണമാണ് പുഴയോര നടപ്പാത. വിനോദ സഞ്ചാരികളുടെ ഇഷ്ടവിനോദമാണ് പുഴയോരനടപ്പാതയിലൂടെയുള്ള നടപ്പ്. അമ്പതോളം ലൈറ്റുകളാണ് ഒന്നേകാൽ കിലോമീറ്റർ ദൂരമുള്ള നടപ്പാതയിലുള്ളത്. ഇടുക്കി ജില്ലയിലെ മൂന്നാർ അടക്കമുള്ള വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തുടക്കം കുറിച്ചതാണ് പുഴയോര നടപ്പാത. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കന്റെ ആസ്തി വികസനഫണ്ടിൽനിന്നും കേന്ദ്ര-സംസ്ഥാന ടൂറിസം പദ്ധതിയിലുൾപ്പെടുത്തി മൂന്നര കോടിയോളം രൂപ ചെലവഴിച്ചാണ് നടപ്പാത നിർമിച്ചത്. ലതപാലത്തിന്റെ സൈഡിൽ നിന്ന് തുടങ്ങിയാൽ പുഴക്കരകാവ് കടവിലാണ് പാത അവസാനിക്കുന്നത്. ആരംഭിച്ച കാലത്ത് നടപ്പാത കച്ചേരിത്താഴം കടവുവരെ നീട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നി​ല്ല.

.....................................................

3.5

കേന്ദ്ര-സംസ്ഥാന ടൂറിസം പദ്ധതിയിലുൾപ്പെടുത്തി

മൂന്നര കോടിയോളം രൂപ ചെലവഴിച്ചാണ്നടപ്പാത നിർമിച്ചത്

.....................................................

പുഴയോര നടപ്പാത മൂവാറ്റുപുഴയുടെ പെരുമയ്ക്ക് ഇണങ്ങും വിധം സൗന്ദര്യവത്കരി​ക്കും. വഴിവിളക്കുകൾ തെളിക്കുന്നതോടൊപ്പം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പരി​ഷ്കരി​ക്കും.

പി.പി.എൽദോസ്, നഗരസഭ ചെയർമാൻ