കൊച്ചി: ഹൈക്കോടതി നിർദ്ദേശപ്രകാരം ആരംഭിച്ച എം.ജി റോഡിലെ കാനവൃത്തിയാക്കൽ ഒച്ച് ഇഴയുന്നതിലും പതിയെ.
ജെ.സി.ബികൾ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് പണിയെങ്കിലും വേഗം തീരുന്നില്ല. എം.ജി റോഡ് മെട്രോ വരെയുള്ള ഭാഗം വൃത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളക്കെട്ട് ഒഴിവായത് ഇവിടം നന്നായി വൃത്തിയാക്കിയതുകൊണ്ടാണെന്ന് കൗൺസിലർ സുധ ദിലീപ്കുമാർ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാനശുചീകരണം തുടങ്ങിയത്.
കക്കൂസ് മാലിന്യങ്ങൾ വരെ
എം.ജി റോഡിലെ ഉൾപ്പെടെ നഗരത്തിലെ പ്രധാന കാനകളിലെല്ലാം ഹോട്ടൽ, കക്കൂസ് മാലിന്യങ്ങൾ വരെയുണ്ടെന്ന് കൗൺസിലർമാർ പറയുന്നു. പല ഭാഗത്തെയും ചെളി കോരിമാറ്റിയപ്പോഴാണ് അറപ്പ് ഉളവാക്കുന്ന മാലിന്യങ്ങൾ കണ്ടത്. പല വ്യാപാര സ്ഥാപനങ്ങളുടെയും കക്കൂസ് മാലിന്യ കുഴലുകൾ കാനയിലേക്കാണ്. ഹോട്ടൽ പ്രസിഡൻസിക്ക് സമീപത്തെ പല ഹോട്ടലുകളുടെയും മാലിന്യം നേരെ കാനയിലേക്കാണ് ഒഴുക്കുന്നത്. ഹോട്ടൽ പ്ലേറ്റുകളടക്കം കാനകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
അടച്ചവ തുറന്നു
ജലം ശുദ്ധീകരിക്കുന്നതിനുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിച്ചതോടെ എം.ജി റോഡിലെ താൽ ഹോട്ടൽ തുറന്നു. വെള്ളം, എണ്ണ, കെമിക്കലുകൾ എന്നിവ ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. ഹെൽത്ത് സൂപ്പർവൈസറുടെ പരിശോധനയ്ക്ക് ശേഷമാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഹോട്ടൽ തുറക്കാൻ അനുമതി നൽകിയത്. പൂട്ടിയ മറ്റ് നാല് ഹോട്ടലുകൾ ശുദ്ധീകരണ ടാങ്കുകൾ നിർമ്മിക്കുകയാണ്.
പി.സി.ബി ലൈസൻസില്ല
നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകൾക്കും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസില്ല. 1974ലെ വാട്ടർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഒഫ് പൊലൂഷൻ ആക്ട് പ്രകാരം ഹോട്ടൽ തുടങ്ങുന്നതിന് മുമ്പും പ്രവർത്തനം തുടങ്ങുന്നതിനു മുമ്പും പി.സി.ബി ലൈസൻസ് ആവശ്യമാണ്. ഉപയോഗിച്ച വെള്ളം ഒഴിക്കിവിടുന്ന ഹോട്ടൽ, ആശുപത്രികളിൽ, ഓഡിറ്റോറിയങ്ങൾ എന്നിവയ്ക്കെല്ലാം ഈ ലൈസൻസ് നിർബന്ധം. എന്നാൽ ഭൂരിഭാഗം സ്ഥാപനങ്ങളും ലൈസൻസ് എടുത്തിട്ടില്ലെന്നാണ് ആരോപണം. കൂടാതെ വെള്ളം നേരിട്ട് കാനയിലേക്ക് ഒഴുക്കാനും നിയമമില്ല. സ്ഥാപനങ്ങളിൽ സ്വീവേജ് ടാങ്ക് നിർമ്മിച്ച് വെള്ളം അതിൽ ശുദ്ധീകരിച്ച് പുനരുപയോഗിക്കുകയാണ് ചെയ്യേണ്ടത്. ശുദ്ധീകരിച്ച വെള്ളം കാനകളിൽ ഒഴിക്കിവിടാം എന്നുമാത്രമേയുള്ളൂ.
ശുചീകരണ തൊഴിലാളികളെ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർ എത്താത്തതാണ് പണി ഇഴയാൻ കാരണം. കാന വൃത്തിയാക്കുമ്പോൾ കക്കൂസ് മാലിന്യങ്ങൾ അടക്കമാണ് പൊന്തി വരുന്നത്. ഇത്തരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ നടപടി എടുക്കും.
സുധാ ദിലീപ് കുമാർ
കൗൺസിലർ
മേൽനോട്ടത്തിന് ആളില്ല
കാന വൃത്തിയാക്കൽ ജോലി നിരീക്ഷിക്കാൻ കോർപ്പറേഷൻ ജീവനക്കാർ ആരും ഇല്ല. കരാറുകാരും രംഗത്തില്ല. കുറച്ച് അന്യസംസ്ഥാന തൊഴിലാളികൾ അവർക്ക് തോന്നിയ പോലെ ചെളിവാരി പുറത്തിട്ട് സ്ളാബ് തിരികെ സ്ഥാപിക്കുകയാണ്. കാനയിൽ വീണ് കിടക്കുന്ന വലിയ സ്ളാബുകളും കേബിളുകളും മറ്റും നീക്കം ചെയ്യുന്നില്ല.