
കൊച്ചി: ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള 18കിലോമീറ്ററിലെ എലവേറ്റഡ് ഹൈവേയ്ക്കായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കൽ നാഷണൽ ഹൈവേ അതോറിറ്റി ആരംഭിച്ചു. 30-35 മിനിറ്റിൽ എത്തിച്ചേരാവുന്ന ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള 18കിലോമീറ്റർ ദൂരം ഇപ്പോൾ താണ്ടാൻ തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിലേറെ എടുക്കുന്നുണ്ട്. ഇടപ്പള്ളിയിലും പാലാരിവട്ടത്തും വൈറ്റിലയിലും കുണ്ടന്നൂരും മേൽപ്പാലം പണിതിട്ടും രക്ഷയില്ലാത്ത ഗതാഗതകുരുക്കാണ് കാരണം.
ഈ സാഹചര്യത്തിലാണ് ആകാശപാത സംബന്ധിച്ച് ജനപ്രതിനിധികളുമായി എൻ.എച്ച്.എ.ഐ പ്രാഥമിക ചർച്ചകൾ നടത്തിയത്. ഇതിനു പിന്നാലെ മണ്ഡലത്തിലെ പ്രധാന പാതയുടെ ഗതാഗത പ്രശ്‌നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എം.പി എൻ.എച്ച്.എ.ഐയ്ക്ക് കത്തയച്ചു. ഇതോടെയാണ് ഡി .പി.ആർ തയാറാക്കൽ നടപടികൾക്ക് വേഗംവച്ചത്.
ആകാശപാത പണിയേണ്ട സ്ഥലത്ത് കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടതില്ലാത്തതിനാൽ സംസ്ഥാന സർക്കാരിന് ബാധ്യതകളില്ല. ദേശീയപാത അതോറിറ്റി മുൻകൈയെടുത്താൽ പാത സജ്ജമാകുമെന്നതാണ് സ്ഥിതി. പാത യാഥാർത്ഥ്യമായാൽ ഇടപ്പള്ളി കടന്ന് തെക്കൻ ജില്ലകളിലേക്ക് പോകുന്നവർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ ഈ ദൂരം താണ്ടാം.
സ്വപ്‌നതുല്യമായ പദ്ധതി: ഹൈബി ഈഡൻ എം.പി
ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള ഗതതാഗതക്കുരുക്കിന് പരിഹാരമാകുന്ന സ്വപ്‌ന സമാന പദ്ധതിയാണ് എലവേറ്റഡ് ഹൈവേ.
മൂത്തകുന്നത്തു നിന്ന് ഇടപ്പള്ളി വരെ നിർമ്മിക്കാൻ പോകുന്നത് ആറ് വരി പാതയാണെങ്കിലും ഇടപ്പള്ളി ജംഗ്ഷനിൽ എത്തുമ്പോൾ അത് നാല് വരിയായി ചുരുങ്ങും. പക്ഷേ ഇടപ്പള്ളിയിൽ 45 മീറ്റർ സ്ഥലമുണ്ട്. ഇവിടെ മുതൽ അരൂർ വരെ സർവീസ് റോഡ് ഉൾപ്പെടെ ആറ് വരി പാതയാക്കാം. അത് സാധിക്കുന്നില്ലെങ്കിലാണ് നിലവിലുള്ളത് പോലെ താഴെ പ്രധാന പാത 30 മീറ്ററും എലവേറ്റഡ് ഹൈവേ 45 മീറ്ററും എന്ന ആശയത്തിന് പ്രാധാന്യമേറുന്നത്. സർവീസ് റോഡ് നിലനിർത്തണമന്ന അഭിപ്രായമുയർന്നതിനാലാണ് എലവേറ്റഡ് ഹൈവേയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കുന്നത്.
ഇടപ്പള്ളി- അരൂർ- 18.6കിലോമീറ്റർ
ഇടപ്പള്ളി- അരൂർ റൂട്ടിലെ തദ്ദേശ സ്ഥാപനങ്ങൾ (ജില്ലയിലേത്)
കൊച്ചി നഗരസഭ
തൃക്കാക്കര നഗരസഭ
മരട് നഗരസഭ
കുമ്പളം പഞ്ചായത്ത്