drunken

കൊച്ചി: കൊവിഡ് വ്യാപനത്തോടെ 'പണി' പോയ ബ്രീത്ത് അനലൈസർ സർവീസിൽ തിരിച്ചെത്തി ! 'രണ്ടെണ്ണം അകത്താക്കി മാസ്കും വച്ച്' കൊച്ചിയിൽ കറങ്ങിയടിച്ചവർ കൂട്ടത്തോടെ ഊതിക്കൽ ടെസ്റ്റിൽ കുടുങ്ങി. മദ്യപിച്ചുള്ള ഡ്രൈവിംഗ് കൂടിയെന്ന പരാതിക്ക് പിന്നാലെയാണ് സിറ്റി പൊലീസ് ബ്രീത്ത് അനലൈസർ പൊടിതട്ടിയെടുത്തത്. ഒരാഴ്ചയായി വിവിധ ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ഡിസംബർ, ജനുവരി ആഘോഷ രാവുകളിലേക്കുള്ള ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് കൊച്ചി. ഇതും മുന്നിൽ കണ്ടാണ് പരിശോധന കർശനമാക്കിയത്.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ബ്രീത്ത് അനലൈസർ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് പൊലീസിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇളവുകൾ വന്നെങ്കിലും ശ്വാസ പരിശോധനയ്ക്ക് അനുമതി നൽകിയില്ല. ഈ അവസരം മദ്യപന്മാർ മുതലെടുക്കുകയായിരുന്നു. മദ്യപിച്ച് മാസ്ക് വച്ച് യാത്ര ചെയ്താൽ പൊലീസ് പിടിക്കില്ലെന്ന തന്ത്രം വ്യാപകമായി പ്രചരിക്കപ്പെടുകയും പലരും ഈ രീതി പിന്തുടരുകയും ചെയ്തു. കഴിഞ്ഞ ദിവസം വരെ മാസ്ക് തന്ത്രവുമായി കളത്തിലിറങ്ങിയവരാണ് പരിശോധനയിൽ കുടുങ്ങിയത്.

ലൈസൻസ് തെറിക്കും

മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒന്നിലധികം തവണ പൊലീസ് പിടിയിലായാൽ ലൈസൻസിന്റെ റദ്ദാക്കും. തീർന്നില്ല, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഈ റിപ്പോർട്ട് അതാത് ആർ.ടി.ഒയ്ക്ക് കൈമാറുകയും ചെയ്യും. വിശദീകരണത്തിന് 15 ദിവസം നൽകിയശേഷം കുറ്രപത്രം കോടതിക്ക് കൈമാറുകയാണ് ആർ.ടി.ഒ ചെയ്യുന്നത്. കുറ്റം ആവർത്തിച്ചയാളാണെങ്കിൽ ശിക്ഷകൂടും.

പരിശോധന കൂട്ടും

സിറ്റി പൊലീസ് പരിധിയിൽ ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള രാത്രികാല പരിശോധന കൂട്ടാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ബ്രീത്ത് അനലൈസറുകളുടെ അറ്റകുറ്റപ്പണി നടന്നുവരികയാണ്.

മദ്യപിച്ച് വാഹനം ഓടിക്കുന്നവർ കൂടിവരികയാണ്. പരിശോധന ശക്തമാക്കാൻ തീരുമാനിച്ചു

സി.എച്ച്. നാഗരാജു

കമ്മിഷണർ

സിറ്റി പൊലീസ്