
കൊച്ചി: ആരോഗ്യ പ്രശ്നങ്ങളാൽ ഒരു വർഷമായി സിനിമയിൽ നിന്ന് വിട്ടുനിന്ന നടനും സംവിധായകനുമായ ശ്രീനിവാസൻ വീണ്ടും അഭിനയ രംഗത്തേക്ക്. നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന 'കുറുക്കൻ' എന്ന സിനിമയിലാണ് മകൻ വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ഇന്നലെ എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിൽ ആരംഭിച്ചു. വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ശ്രുതി ജയൻ എന്നിവരുൾപ്പെട്ട രംഗമാണ് ആദ്യം ചിത്രീകരിച്ചത്. ശ്രീനിവാസന്റെ കഥാപാത്രം, സിനിമയുടെ ഇതിവൃത്തം എന്നിവ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.
വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ചിത്രത്തിന്റെ നിർമ്മാണം. തമീമാ നസ്രിൻ മഹാസുബൈർ ഭദ്രദീപം തെളിച്ചു. മുൻ ഡി.ജി.പിയും കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്റ സ്വിച്ചോൺ ചെയ്തു. സംവിധായകൻ എം.മോഹനൻ ഫസ്റ്റ് ക്ലാപ്പ് നൽകി. സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' സിനിമയുടെ തിരക്കഥാകൃത്തായ മനോജ് റാം സിംഗാണ് കുറുക്കന്റെ രചന. ഷൈൻ ടോം ചാക്കോ, സുധീർ കരമന, മാളവിക മേനോൻ, അൻസിബാ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ദിലീപ് മേനോൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ക്യാപ്ഷൻ: കുറുക്കൻ സിനിമയുടെ ചിത്രീകരണവേളയിൽ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ,ലോക് നാഥ് ബെഹ്റ, മഹാ സുബൈർ തുടങ്ങിയവർ