csl

കൊച്ചി: മാരിടൈംമേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ കൊച്ചി കപ്പൽശാലയും ഐ.ഐ.ടി മദ്രാസും തമ്മിൽ സഹകരിക്കുന്നു. സമുദ്രഗതാഗത മേഖലയിൽ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാൻ 50 ലക്ഷം രൂപ സീഡ് ഫണ്ടായും ഒരുകോടി രൂപ വരെ ഗ്രാൻഡും ഇക്വിറ്റിഫണ്ടായും നൽകുന്ന പദ്ധതിയാണിത്.
സമുദ്രമേഖലയിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ കേന്ദ്രസർക്കാർ നയപ്രകാരം കപ്പൽശാല ആരംഭിച്ച 'ഉഷസ് പദ്ധതി" നടപ്പാക്കുന്നതിനാണ് കരാർ. സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതികവും നിയമപരവും വിപണനത്തിന് ആവശ്യവുമായ പിന്തുണ വിവിധ വകുപ്പുകളിൽ നിന്ന് ലഭ്യമാക്കും. നവീനത, ഉത്പന്നങ്ങളുടെ മികവ് വർദ്ധിപ്പിക്കൽ, ഉയർന്ന തൊഴിൽസാദ്ധ്യതയും വരുമാനവും വർദ്ധിക്കുന്നവിധത്തിൽ പ്രവർത്തനം വിപുലീകരിക്കൽ എന്നിവയ്ക്കാണ് സഹായം. സഹായധനം പ്രവർത്തന മൂലധനം, ആസ്തി വർദ്ധിപ്പിക്കൽ, മറ്റു ചെലവുകൾ എന്നിവയ്ക്ക് വിനിയോഗിക്കാം.
പദ്ധതിയുടെ ഗുണഭോക്താക്കളെ ഐ.ഐ.ടി മദ്രാസ് തിരഞ്ഞെടുക്കും. ഇതിനായി വർഷത്തിൽ രണ്ടുതവണ അപേക്ഷ ക്ഷണിച്ച് അർഹരായ സ്റ്റാർട്ടപ്പുകളെ കണ്ടെത്തും.
കപ്പൽശാല ജനറൽ മാനേജർ ദീപു സുരേന്ദ്രനും ഐ.ഐ.ടി മദ്രാസ് ഡയറക്ടർ പ്രൊഫ.വി.കാമകോടിയും തമ്മിൽ കരാർ ഒപ്പിട്ടു.

ഉഷസ് പദ്ധതിക്ക് 50 കോടി രൂപ പ്രത്യേക ഫണ്ടായി മാറ്റിവച്ചതായി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്.നായർ പറഞ്ഞു. ഐ.ഐ.ടി ഡീൻമാരായ പ്രൊഫ.കെ.മുരളി, പ്രൊഫ.മഹേഷ് പച്ചാംഗുല, കപ്പൽശാല ചീഫ് ജനറൽ മാനേജർ രാജേഷ് ഗോപാലകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.