bus

കൊച്ചി: കോതമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് ‘പറക്കും തളിക’ സിനിമയിലേതു പോലെ അലങ്കരിച്ച് കല്യാണ ഓട്ടം നടത്തിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ വകുപ്പുതല നടപടിക്ക് സാദ്ധ്യതയില്ല. സംഭവത്തെ തമാശയായി കണ്ടാൽ മതിയെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ കേരളകൗമുദിയോട് പറഞ്ഞു. ഒരാളുടെ കല്യാണ ആവശ്യവുമായി ബന്ധപ്പെട്ടാണ് ബസ് ബുക്ക്‌ ചെയ്തത്. ബസ് അലങ്കരിച്ചതും ബാനർ വച്ചതുമെല്ലാം അയാളുടെ ഒരു ദിവസത്തെ സന്തോഷമായി കാണാവുന്നതേയുള്ളൂ. വിൻഡ് ഷീൽഡ് മറച്ചിട്ടുണ്ടോ എന്നതു മാത്രമാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നെല്ലിക്കുഴി സ്വദേശി റമീസ് പി.എസ് സുഹൃത്ത് മാഹിന്റെ വിവാഹത്തിനാണ് 10,000രൂപ അടച്ചാണ് ബസ് ബുക്ക്‌ ചെയ്തത്. കോതമംഗലം ഡിപ്പോയിൽ ബസ് ഇല്ലാതിരുന്നതിനാൽ ഡ്രൈവർ റഷീദ് തൊടുപുഴ ഡിപ്പോയിൽ നിന്നാണ് ബസ് എത്തിച്ചത്.

നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കായിരുന്നു യാത്ര. ചെടികളും അർജന്റീനയുടെയും ബ്രസീലിന്റെയും പതാകകളും താമരാക്ഷൻ പിള്ള എന്നെഴുതിയ ബോർഡും വച്ചാണ് അലങ്കരിച്ചിരുന്നത്. കെ.എസ്.ആർ.ടി.സി എന്ന് എഴുതിയിരുന്ന ഭാഗത്താണ് 'താമരാക്ഷൻ പിളള' എന്ന ബോർഡ് വച്ചത്.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചിലർ കോതമംഗലം പൊലീസിനെ വിവരം അറിയിച്ചു. മോട്ടോർ വാഹന വകുപ്പിനും ദൃശ്യങ്ങൾ കൈമാറി. സംഭവത്തിൽ കെ.എസ്.ആർ.ടി.സി നടപടി എടുത്തില്ലെങ്കിലും മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്രൈവറോട് ഇന്നു ഹാജരാകാൻ കോതമംഗലം ജോയിന്റ് ആർ.ടി.ഒ നിർദ്ദേശിച്ചു.


''വീടിനടുത്തുള്ളയാളുടെ കല്യാണമായിരുന്നു. ബസ് കല്യാണ വീടിനു സമീപം ഇട്ട ശേഷം ഒരുങ്ങാനായി വീട്ടിലേക്ക് പോയി. ആ സമയത്താണ് കുട്ടികൾ ബസ് അലങ്കരിച്ചത്. ചെടികളും ഓലയുമൊന്നും പുറത്തേക്ക് നിൽക്കുന്നുണ്ടായിരുന്നില്ല. ബസ് കുറച്ചു ദൂരം ഓടിയപ്പോഴാണ് ഇവ പുറത്തേക്കു നീണ്ടത്. പ്രശ്നമാകുമെന്ന് കരുതിയില്ല.

-റഷീദ്

ബസിന്റെ ഡ്രൈവർ.

''സന്തോഷത്തിന്റെ ഭാഗമായി വെറുതെ അലങ്കരിച്ചതാണ്. കുഴപ്പമാകുമെന്ന് കരുതിയില്ല.
-റമീസ്
ബസ് ബുക്ക്‌ ചെയ്തയാൾ