
കളമശേരി: കരുമാല്ലൂർ, കുന്നുകര കുടിവെള്ള പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് പൂർത്തിയായതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കുന്നുകര പഞ്ചായത്തിൽ 86.5 സെന്റും കരുമാല്ലൂർ പഞ്ചായത്തിൽ 12 സെന്റും സ്ഥലമാണ് ഏറ്റെടുത്തത്. ആദ്യം അനുവദിച്ച 2.40 കോടി രൂപ മതിയാകാതെ വന്നതിനെത്തുടർന്ന് 57.95 ലക്ഷം രൂപ കൂടി അനുവദിച്ചു. കിണർ, ജലശുദ്ധീകരണശാല, ജലസംഭരണികൾ എന്നിവ ഇവിടെ നിർമ്മിക്കും. പദ്ധതിക്കായി കുന്നുകര മലായിക്കുന്നിൽ നിർമ്മിക്കുന്ന 9 എം.എൽ.ഡി ജല ശുദ്ധീകരണശാലയുടെ ശേഷി ഭാവിയിലെ ഉപയോഗം കൂടി കണക്കിലെടുത്ത് 20 എം.എൽ.ഡിയായി ഉയർത്താൻ കഴിഞ്ഞ മാർച്ചിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.