കൊച്ചി: കാന കോരി വൃത്തിയാക്കാനല്ലേ പറഞ്ഞത്, അത് ചെയ്തിട്ടുണ്ട്. ഇനി മാലിന്യം അടിഞ്ഞ മണ്ണ് വാരിമാറ്റാൻ പറയട്ടെ. എന്നിട്ടാകാം അത്. അതുവരെ മഴ പെയ്യാതിരുന്നാൽ ഭാഗ്യം.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ എം.ജി.റോഡ്, ഇടപ്പള്ളി താന്നിക്കൽ മേഖല, പവ്വർഹൗസ് എക്സ്റ്റൻഷൻ റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ഡ്രെയ്നേജ് ഒരാഴ്ചയ്ക്കകം വൃത്തിയാക്കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ഉടൻ സടകുടഞ്ഞുണർന്ന കോർപ്പറേഷൻ അധികൃതർ മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുമൊക്കെ കൊണ്ടുവന്ന് ശനിയാഴ്ചതന്നെ യുദ്ധകാലാടിസ്ഥാനത്തിൽ കാനകോരി മാലിന്യം പുറത്തെടുത്തു. പക്ഷേ, കോരിയെടുത്ത മണ്ണ് ഉൾപ്പെടെയുള്ളവ അവിടെനിന്ന് നീക്കം ചെയ്യാതെ കാനയ്ക്കരുകിൽ സൂക്ഷിച്ചിരിക്കുകയാണെന്നുമാത്രം. ഒരുമണിക്കൂർ തുടർച്ചയായി മഴപെയ്താൽ രണ്ട് അടിക്കുമേൽ വെള്ളമുയരുന്ന എം.ജി. റോഡിലാണ് വാരിയെടുത്ത മാലിന്യം കൂനകൂട്ടിവച്ചിരിക്കുന്നത്. അടുത്ത മഴയിൽ മണ്ണ് കാനയിലേക്ക് വീണ്ടും ഒലിച്ചിറങ്ങാതെ നീക്കം ചെയ്യണമെന്ന സാമാന്യ ബുദ്ധിപോലും കോർപ്പറേഷൻ അധികൃതർക്കില്ലാതെപോയി.