uc-college
യു.സി കോളേജ്

ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ശതാബ്ദി ആഘോഷങ്ങളോടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ എക്സിബിഷനും കലാസാംസ്കാരിക പരിപാടികളും പൂർവ്വ വിദ്യാർത്ഥി സംഗമവും ഇന്നാരംഭിക്കും. 12 വരെ നീണ്ടുനിൽക്കും.

യു.സി.സി സെന്റീനി​യൽ വിസ്റ്റ 2022 എന്ന പേരിൽ നടത്തപ്പെടുന്ന മെഗാ എക്‌സിബിഷനിൽ ഇന്ത്യൻ നാവികസേന, വ്യോമസേന, കരസേന, കേരള പൊലീസ്, എൻ.പി.ഒ.എൽ, കെ.യു.എഫ്.ഒ.എസ്, സി.എം.എഫ്.ആർ.ഐ കൊച്ചിൻ ഷിപ്പിയാർഡ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ ഉണ്ടാകും. കേരള മീഡിയ അക്കാദമി, കളിമൺ കളരി, വനം വകുപ്പ്, മൂഴിക്കുളം ശാല തുടങ്ങിയവയുടെ പ്രദർശനങ്ങൾ, അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഏകോപനത്തോടെ നടത്തുന്ന ഡിപ്പാർട്ട്‌മെൻറ് തല എക്‌സിബിഷൻ തുടങ്ങി ദേശീയ നിലവാരത്തിലുള്ള ശാസ്ത്രസാങ്കേതികകലാ പ്രദർശനവും നടക്കും. വൈവിദ്ധ്യമാർന്ന നൂറോളം വിപണന സ്റ്റാളുകളും ഒരുങ്ങിയിട്ടുണ്ട്.

കലാ സാംസ്‌കാരിക പ്രദർശനം ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ രാജൻ വർഗീസ് ഉദ്ഘാടനം ചെയ്യും.

ശാസ്ത്ര സാങ്കേതിക പ്രദർശനം ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണയും പൊതുമേഖല സംരംഭങ്ങളുടെ പ്രദർശനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പരീക്ഷ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് എന്നിവരും ഉദ്ഘാടനം ചെയ്യും. പൂർവ്വ വിദ്യാർത്ഥികളുടെയും സ്വരലയ ക്ലബി​ന്റെയും ആഭിമുഖ്യത്തിൽ ഇന്നാരംഭിക്കുന്ന കലാസാംസ്‌കാരിക പരിപാടികൾ പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ട്, കെ.പി.എ.സിയുടെ നാടകം, കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ, കേരള ചവിട്ട് നാടക സംഘം ഗോതുരുത്ത് അവതരിപ്പിക്കുന്ന ചവിട്ട് നാടകം, ശ്രീഭദ്ര കളരി പറവൂർ അവതരിപ്പിക്കുന്ന കളരിപ്പയറ്റ് എന്നിവയും വിവിധ ദിവസങ്ങളിലായി അരങ്ങേരും.
12ന് നടക്കുന്ന ആഗോള പൂർവ വിദ്യാർത്ഥി സമ്മേളനത്തിൽ തുഷാർ ഗാന്ധി മുഖ്യാതിഥിയാകും.