കൊച്ചി: സംസ്ഥാന ശാസ്ത്രമേള നടക്കുമ്പോൾ വിദ്യാർത്ഥികൾക്ക് താമസസൗകര്യമൊരുക്കിയ സ്‌കൂളുകളിൽ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ മുഖ്യമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് നേരിടാനും പരിഹാരം കണ്ടെത്താനുമുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിനും കൊച്ചി കോർപ്പറേഷനും നിർദ്ദേശം നൽകണമെന്നും കത്തിൽ പറയുന്നു. 9 മുതൽ 12 വരെയാണ് ശാസ്ത്രമേള നടക്കുന്നത്. പതിനായിരത്തോളം വിദ്യാർത്ഥികൾ നഗരത്തിലെത്തും. 12 സ്‌കൂളുകളിലാണ് ഇവർക്കു താമസ സൗകര്യമൊരുക്കുന്നത്. നഗരത്തിൽ വെള്ളക്കെട്ടുണ്ടായാൽ ഈ സ്‌കൂളുകളിൽ പലതിനെയും ബാധിക്കും. നഗര മധ്യത്തിലെ എസ്. ആർ.വി സ്‌കൂൾ മഴ പെയ്താൽ പൂർണമായും വെള്ളക്കെട്ടിലാകുന്ന സ്ഥിതിയാണ്. വെള്ളക്കെട്ടു കാരണം സാംക്രമിക രോഗങ്ങൾ ഉൾപ്പെടെയുണ്ടാകാൻ ഇടയുള്ളതിനാൽ ശാസ്ത്രമേളയുടെ സമയത്ത് പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു.