gov

അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിന് സമാപനം

കൊച്ചി: നഗരഗതാഗത സംവിധാനങ്ങളുടെ നടത്തിപ്പിൽ സാധാരണക്കാരുടെ അഭിപ്രായവും തേടണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചിയിൽ മൂന്ന് ദിവസമായി നടന്ന അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിന്റെയും എക്‌സ്‌പോയുടെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

മികച്ച നിലവാരത്തിലുള്ള പൊതുഗതാഗത സംവിധാനങ്ങളാണ് നാടിനാവശ്യം. മെട്രോയും രാജ്യത്തെ ആദ്യ ജലമെട്രോയും ഇലക്ട്രിക് ബസുമടങ്ങിയ കൊച്ചിയിലെ സംയോജിത ഗതാഗത സംവിധാനം രാജ്യത്തിന് മാതൃകയാണെന്നും ഗവർണർ പറഞ്ഞു. കോൺഫറൻസിനൊപ്പമുള്ള എക്‌സ്‌പോയിലെ സ്റ്റാളുകൾ അദ്ദേഹം സന്ദർശിച്ചു.

നഗരഗതാഗത രംഗത്ത് പുത്തൻ ആശയങ്ങൾ നടപ്പാക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി കൗശൽ കിഷോർ പറഞ്ഞു.

ഹരിത ഇന്ധനം, നഗരഗതാഗതത്തിന്റെ ആധുനികവത്കരണം എന്നിവയ്ക്ക് സംസ്ഥാനം പ്രാധാന്യം നൽകുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്, ഗ്രാമവണ്ടി പദ്ധതി, സിറ്റി സർക്കുലർ സർവീസ് തുടങ്ങിയവയാണ് ഗതാഗത രംഗത്ത് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് മൂന്ന് പുരസ്‌കാരം
കേന്ദ്ര ഭവന-നഗര


കാര്യ മന്ത്രാലയം സംഘടിപ്പിച്ച കോൺഫറൻസിൽ കേരളത്തിന് മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു. തിരുവനന്തപുരം സിറ്റി സർവീസ് പദ്ധതിക്കും പൊതുജന പങ്കാളിത്ത ഗതാഗത പദ്ധതിയുടെ ഭാഗമായ തലസ്ഥാനത്തെ ഗ്രാമവണ്ടി പദ്ധതിക്കും പുരസ്കാരം ലഭിച്ചു. 'മിക്ക' റോബോട്ടിനെ ഉൾപ്പെടെ അവതരിപ്പിച്ച കൊച്ചി മെട്രോ ബെസ്റ്റ് എക്‌സിബിഷൻ വിഭാഗത്തിൽ പുരസ്‌കാരം നേടി.

ചീഫ് സെക്രട്ടറി വി.പി. ജോയ്, കേന്ദ്ര നഗരകാര്യ മന്ത്രാലയ സെക്രട്ടറി മനോജ് ജോഷി, സംസ്ഥാന ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിജു പ്രഭാകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോക്‌നാഥ് ബെഹ്‌റ, നഗരകാര്യമന്ത്രാലയം സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ ജയ്ദീപ് എന്നിവർ സംസാരിച്ചു.