
കൊച്ചി: കാരണം കാണിക്കൽ നോട്ടീസിന് വൈസ് ചാൻസലർമാർ നൽകിയ മറുപടി പരിശോധിച്ചശേഷം നടപടി തീരുമാനിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എറണാകുളം ഗസ്റ്റ്ഹൗസിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. അക്കാഡമിക് ബന്ധമില്ലാത്ത ഒരാൾ വൈസ് ചാൻസലർ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെട്ടാൽ നീക്കാമെന്ന സുപ്രീംകോടതി ഉത്തരവാണ് താൻ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതിന്റെ പ്രശ്നങ്ങൾ നേരിടാൻ തയ്യാറാണ്.
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാൻ സി.പി.എം നടത്തുന്ന നീക്കത്തോട് പ്രതികരിക്കുന്നില്ല. ആ പദവിയിൽ നിന്ന് നീക്കിക്കോയെന്ന് താൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന കത്ത് മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. മറ്റാരും ഇടപെടില്ലെന്നും അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഒഴിവാക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് സർക്കാരിനോട് ചോദിക്കണം.
മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കിൽ കേൾക്കാൻ താൻ തയ്യാറാണ്.
തിരുവനന്തപുരം മേയറുടെ കത്ത് സംബന്ധിച്ച് സർക്കാർ ജനങ്ങളോട് വിശദീകരിക്കേണ്ടിവരും. സർവകലാശാലകളിലും ഇത്തരം നിയമനങ്ങളുണ്ട്. കൂടുതൽ കത്തുകൾ പുറത്തുവന്നേക്കാം.