കൊച്ചി: നാല് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിലെത്തുന്ന 5,000ലേറെ ശാസ്ത്ര പ്രതിഭകളെ വരവേൽക്കാനൊരുങ്ങി നഗരം. ശാസ്ത്രമേളയ്ക്ക് മുന്നോടിയായി വിളംബരജാഥയും ഫ്‌ളാഷ്മോബും സംഘടിപ്പിച്ചു. മേളയുടെ പ്രധാന വേദികളിൽ ഒന്നായ എറണാകുളം സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്‌കൂളിലെയും കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബരജാഥ നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ് ഫ്ളാഗ് ഓഫ് ചെയ്തു.

സ്റ്റുഡന്റ്സ് പൊലീസ്, എൻ.സി.സി, എൻ.എസ്.എസ് അംഗങ്ങളും പങ്കെടുത്തു. ശാസ്ത്ര സമവാക്യങ്ങളും ദൃശ്യങ്ങളും ഉയർത്തി വിദ്യാർത്ഥികളും അണിനിരന്നു.

ഹൈക്കോടതി ജംഗ്ഷനിൽ നടന്ന ഫ്ളാഷ് മോബ്, ശാസ്ത്രനാടകം എന്നിവ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രചാരണകമ്മിറ്റി ചെയർമാൻ വി.വി. പ്രവീൺ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ ദിപിൻ ദിലീപ്, എ.ആർ. സുധർമ്മ എന്നിവർ സംസാരിച്ചു.