vizhinjam-port

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണസ്ഥലത്തെ തടസങ്ങൾ ഈ മാസം ഏഴിനകം നീക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടാത്തതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോടതിനിർദ്ദേശം നടപ്പാക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്കില്ലേയെന്നും ജസ്റ്റിസ് അനു ശിവരാമൻ ആരാഞ്ഞു. ഈ മാസം ഒന്നിനാണ് ഇതു സംബന്ധിച്ച കോടതി നിർദ്ദേശമുണ്ടായത്.
സമരക്കാർ നിർമ്മാണം സ്തംഭിപ്പിക്കുന്നത് കോടതി അലക്ഷ്യമാണെന്നും സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെങ്കിൽ കേന്ദ്രസഹായം തേടണമെന്നും ഹർജിക്കാരായ അദാനി ഗ്രൂപ്പിനുവേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനാളുകൾ നൂറിലേറെ ദിവസങ്ങളായി അതിക്രമം തുടരുന്നത് കനത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതായും അറിയിച്ചു.

എ.ഡി.ജി.പി ചെയർമാനായുള്ള പ്രത്യേക സമിതിയുടെ റിപ്പോർട്ട് സഹിതമാണ് കേന്ദ്രസേനയുടെ സഹായം സംസ്ഥാനം തേടേണ്ടതെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. സമിതിയെ നിയമിച്ചിട്ടുണ്ടോയെന്നും മറ്റുമുള്ള കാര്യങ്ങൾ വിശദമാക്കണം. ഒട്ടേറെ ഉത്തരവാദിത്വങ്ങളുള്ള കേന്ദ്രസേന സംസ്ഥാനങ്ങളിൽ സങ്കീർണ സാഹചര്യങ്ങളുള്ളപ്പോഴാണ് ഇടപെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പന്തൽ പൊളിക്കുന്നത് തീരദേശ മേഖലയിൽ സംഘർഷം വ്യാപിപ്പിക്കുമെന്നതിനാലാണ് സംയമനം പാലിക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ ബോധിപ്പിച്ചത്. കോടതി ഉത്തരവുകൾ പാലിക്കപ്പെടുന്നുണ്ടോയെന്നും പദ്ധതി പ്രദേശത്തേക്ക് ഗതാഗത തടസമുണ്ടോയെന്നുമാണ് നിലവിൽ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി​ കേസ് അടുത്തയാഴ്ചത്തേക്കു മാറ്റി.