bus

 നടപടിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി

കൊച്ചി: കോതമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് 'പറക്കുംതളിക' മാതൃകയിൽ അലങ്കരിച്ച് കല്യാണത്തിനോടിച്ച സംഭവത്തിൽ ഡ്രൈവർ എൻ.എം.റഷീദിന്റെ ലൈസൻസ് 15 ദിവസത്തേക്ക് മോട്ടോർവാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു.ഞായറാഴ്ച നടന്ന സംഭവത്തിൽ ഇന്നലെ രാവിലെ ഡ്രൈവർ ഹാജരായപ്പോഴാണ് ജോയിന്റ് ആർ.ടി.ഒ ഷോയ് വർഗീസ് നടപടിയറിയിച്ചത്.കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള അലങ്കാരങ്ങളും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നുമാണ് കുറ്റം.അന്വേഷണം തുടരുകയാണെന്നും കൂടുതൽ നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും ജോയിന്റ് ആർ.ടി.ഒ പറഞ്ഞു.നെല്ലിക്കുഴി സ്വദേശിയായ മാഹിന്റെ കല്യാണത്തിന് തൊടുപുഴ ഡിപ്പോയിൽ നിന്നെത്തിച്ച ബസ് വരന്റെ സുഹൃത്തുക്കളാണ് ചെടികളും ഓലയും കൊടികളും ബാനറുമുപയോഗിച്ച് അലങ്കരിച്ചത്.

സംഭവത്തെ ഗൗരവത്തോടെ കാണേണ്ടെന്നും ഡ്രൈവറെ പൂർണമായും കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി ആന്റണി രാജു കേരളകൗമുദിയോട് പറഞ്ഞു.കല്യാണത്തിന് വാടകയ്ക്ക് എടുത്ത ബസ് വരന്റെ സുഹൃത്തുക്കളാണ് അലങ്കരിച്ചത്.ഡ്രൈവർക്കെതിരെ നടപടി എടുക്കില്ലെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറും വ്യക്തമാക്കി.

പ്രാരാബ്ധക്കാരൻ ഡ്രൈവർ
പ്രാരാബ്ധങ്ങൾക്കു നടുവിലാണ് ഡ്രൈവർ കോതമംഗലം നെല്ലിക്കുഴി ഇളമ്പ്രയിൽ നാനേത്താൻ വീട്ടിൽ റഷീദിന് ലൈസൻസ് നഷ്ടമായത്.ഭാര്യയും മൂന്ന് പെൺമക്കളും അമ്മയുമടങ്ങുന്ന റഷീദിന്റെ കുടുംബം മൂന്ന് മാസം മുൻപാണ് വീടിന്റെ ജപ്തി നടപടികളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.കോതമംഗലം സർവീസ് സഹകരണ ബാങ്കിൽ നിന്നും ഏഴര ലക്ഷംരൂപ വായ്പയെടുത്തിരുന്നതിൽ കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയിരുന്നു.പലിശയുൾപ്പെടെ പതിമൂന്നര ലക്ഷമായി ജപ്തിയുടെ വക്കിത്തെത്തിയപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സഹായിച്ചാണ് ആറു ലക്ഷമടച്ച് ജപ്തി ഒഴിവാക്കിയത്.ഇനി ഏഴര ലക്ഷം അടയ്ക്കാനുണ്ട്.നടപടി സർവീസ് ബുക്കിൽ രേഖപ്പെടുത്തുമോ,വകുപ്പുതല നടപടി വരുമോയെന്ന ആശങ്കകളിലാണ് റഷീദ്.

അയൽവാസിയുടെ വിവാഹമായിരുന്നു.അവിടെയെത്തിയ ചെറുപ്പക്കാരെല്ലാം പരിചയക്കാരും.അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു എന്ന് മാത്രമേയുള്ളു.ഇത്ര പൊല്ലാപ്പാകുമെന്ന് ഓർത്തില്ല.
റഷീദ്