കൊച്ചി: നഗരത്തിലെ ഓടയിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെ മാലിന്യങ്ങൾ വെറുംകൈകൊണ്ട് വാരിച്ച് തമിഴ് തൊഴിലാളികളോട് കോർപ്പറേഷൻ അധികൃതരുടെ ക്രൂരത. ഗ്ലൗസുപോലും ധരിക്കാതെ മുട്ടോളം മലിനജലത്തിൽ ഇറങ്ങിനിന്ന് തൊഴിലാളികൾ മാലിന്യം വാരുമ്പോൾ കോർപ്പറേഷൻ ഉദ്യോഗസ്ഥരും കരാറുകാരനും കാഴ്ചക്കാരായി നിന്നു.

ഇന്നലെ രാവിലെ 11ന് എം.ജി. റോഡിൽ വുഡ്ലാൻഡ്സ് ജംഗ്ഷനിലാണ് തമിഴ്നാട്ടുകാരായ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിച്ചത്. നാല് അടിയിലേറെ നീളവും രണ്ടര അടി വീതിയും അരയടിയോളം കനവുമുള്ള കോൺക്രീറ്റ് സ്ലാബ് ഇളക്കിമാറ്റാൻ തൊഴിലാളികളുടെ പക്കൽ ഉണ്ടായിരുന്നത് മൂന്ന് കമ്പിപ്പാരയും ഒരു തൂമ്പയും മാത്രമാണ്. ജെ.സി.ബി ഉപയോഗിച്ചാൽ അഞ്ച് മിനിറ്റുകൊണ്ട് തീർക്കാവുന്ന ജോലിയാണ് നാല് തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചത്.

ഓടയിൽ അടിഞ്ഞുകിടക്കുന്ന മാലിന്യം കോരിമാറ്റാൻ തൊഴിലാളികളുടെ പക്കൽ ഉണ്ടായിരുന്നതാകട്ടെ ഒരു തൂമ്പ. കോരിയിട്ടും തീരാതെ വന്നപ്പോഴാണ് ഒരാൾ കാനയിലേക്ക് ഇറങ്ങിനിന്ന് കൈകൊണ്ട് വാരിയത്. അപ്പോഴൊക്കെ ഗ്ലൗസ് നൽകാനോ മറ്റ് ഉപകരണങ്ങൾ എത്തിച്ചുനൽകാനൊ ഉദ്യോഗസ്ഥരും കരാറുകാരും തയ്യാറായില്ല.