കൊച്ചി: കോടതി വിധിയിലൂടെ കോളേജിൽ പഠനത്തിന് അവകാശം നേടിയെങ്കിലും റെഗുലർ ക്ലാസ് അനുവദിക്കാത്തതിലും ഹോക്കി ടീമിൽ നിന്നടക്കം അകാരണമായി പുറത്താക്കിയതിലും മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം അണപൊട്ടി. സമരത്തിന് ഐക്യദാർഢ്യവുമായി എസ്.എഫ്.ഐ എറണാകുളം ജില്ലാ കമ്മിറ്റി അണിചേർന്നതോടെ വിഷയത്തിൽ അടിയന്തര ചർച്ചയ്ക്ക് കോളേജ് അധികൃതർ വഴങ്ങി. ബി.എ ജേർണലിസം രണ്ടാം വർഷ വിദ്യാർത്ഥിയും കണ്ണൂർ സ്വദേശിയുമായ അഭിഷേകാണ് കഴിഞ്ഞ ബുധനാഴ്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഹോക്കി താരമായ അഭിജിത്ത് മത്സരവുമായി ബന്ധപ്പെട്ട് അവധിയെടുത്തിരുന്നു. എന്നാൽ കോളേജ് അധികൃതർ ലീവ് അനുവദിച്ചില്ല. അഭിജിത്ത് യൂണിവേഴ്‌സിറ്റിക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകിയതോടെ, വിദ്യാർത്ഥിക്ക് അനുകൂല വിധിയുണ്ടായി. ഇതിനെതിരെ കോളേജ് അധികൃതർ ഹൈക്കോടതിയിൽ പോയെങ്കിൽ അവിടെ തിരിച്ചടിനേരിട്ടു. കോളേജിൽ തിരിച്ചെത്തിയെങ്കിലും അഭിജിത്തിന് ഓൺലൈൻ ക്ലാസാണ് അനുവദിച്ചത്. ഹോക്കി ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. മാനസികമായി തളർന്ന അഭിജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും അയൽവാസികളും ബന്ധുക്കളും സമയോജിതമായി ഇടപെട്ട് ആശുപത്രിയിലാക്കി.
കോളേജ് അധികൃതർ പകവീട്ടിയതിനെ തുടർന്നാണ് അഭിജിത്ത് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വിദ്യാർത്ഥി നേതാക്കൾ കുറ്റപ്പെടുത്തി. ഐ.ഡി കാർഡ് ഇല്ലാത്ത വിദ്യാർത്ഥികളോട് 2500 രൂപവരെ കോളേജ് ഫൈൻ ഈടാക്കാറുണ്ടന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇത്തരം നിലപാടുകൾ അവസാനിപ്പിക്കമെന്ന് ആവശ്യപെട്ട് ആൽബർട്‌സിലെ വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. വിദ്യാർത്ഥികൾ ഇന്നലെ രാവിലെ ഒത്തുകൂടിയതോടെ എസ്.എഫ്.ഐ നേതൃത്വത്തിൽ മഹാരാജാസ് കോളജിൽ നിന്നടക്കം കൂടുതൽ വിദ്യാർത്ഥികൾ ആൽബർട്ട്‌സിലേക്ക് എത്തി. വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയതോടെ അന്തരീക്ഷം സംഘർഷഭരിതമായി. സമഗ്രാന്വേഷണം നടത്തുമെന്ന് സർവകലാശാല ഉറപ്പ് നൽകിയതോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞത്.