കൊച്ചി: വല്ലാർപാടം പനമ്പുകാട് സെന്റ് ജോസഫ് പള്ളിയിലെ വികാരിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ സമീപവാസികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. പനമ്പുകാട് സ്വദേശികളായ അലിസ്റ്റർ(22), ഷിനു(26) എന്നിവരെയാണ് മുളവുകാട് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

പള്ളിവികാരി സ്ഥലത്തില്ലായിരുന്ന സമയത്ത് വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറിയ പ്രതികൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും ബ്ലൂടൂത്ത് ഇയർഫോണും മോഷ്ടിച്ചു. ബംഗളൂരുവിലേക്ക് കടന്ന പ്രതികൾ മോഷ്ടിച്ച പണം ഉപയോഗിച്ച് മയക്കുമരുന്ന് ഉൾപ്പെടെയുള്ളവ വാങ്ങി ആർഭാടജീവിതം നയിച്ചശേഷം നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. മോഷണസമയം പ്രതികൾ നിരീക്ഷണകാമറ മറയ്ക്കുന്നതിനിടെ ഇവരുടെ ദൃശ്യം കാമറയിൽ പതിഞ്ഞിരുന്നു. ഇതിനുപുറമേ ഇവരുടെ മൊബൈൽഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായകമായതെന്ന് മുളവുകാട് പൊലീസ് പറഞ്ഞു.