LOCAL NEWS ERNAKULAM
പറവൂർ: പട്ടണം സ്വദേശിയായ യുവതിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ കുഞ്ഞിത്തൈ പൊയ്യാത്തുരുത്തി വീട്ടിൽ ആഷിഖ് (25), പിതാവ് ജോൺസൻ (48), ആഷിഖിന്റെ സുഹൃത്ത് പട്ടണം ചെറിയപറമ്പിൽ വീട്ടിൽ സുജിത്ത് (26) എന്നിവരെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ആഷിഖും യുവതിയും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇരുവീട്ടുകാരെയും വിളിച്ചുവരുത്തി പൊലീസ് വിഷയം രമ്യമായി പരിഹരിച്ചിരുന്നു. ഞായറാഴ്ച ആഷിഖും ജോൺസനും സുജിത്തും ബൈക്കിൽ യുവതിയുടെ വീട്ടിലെത്തി. അസഭ്യം പറഞ്ഞ് വീട്ടിലേക്ക് കയറിയ ജോൺസനെ യുവതിയുടെ അമ്മ തടയാൻ ശ്രമിച്ചു. ആഷിഖ് അമ്മയെ ആക്രമിക്കുകയും ഇതു തടഞ്ഞ യുവതിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാർക്കു നേരെയും ഇയാൾ കത്തിവീശി. കൈയിൽ കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആറ് തുന്നലിട്ടു. യുവതിയുടെ അമ്മയുടെ തലയ്ക്ക് അടിയേറ്റെന്നും പരാതിയുണ്ട്. ഇൻസ്പെക്ടർ വി.സി. സൂരജിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.