akhil

നെടുമ്പാശേരി: ചേർത്തല പെരുമ്പളം കാക്കാഴത്ത് വീട്ടിൽ ഷാജിയുടെ മകൻ കെ.എസ്. അഖിൽ (27) ബൈക്കിൽ സഞ്ചരിക്കവേ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. ബൈക്കിന് പിന്നിലിരുന്ന അരൂക്കുറ്റി വയലിൽ വീട്ടിൽ ഹരികൃഷ്ണൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അങ്കമാലി - ആലുവ ദേശീയപാതയിൽ പറമ്പയത്ത് ഇന്നലെ പുലർച്ചെ ആറരയോടെ ഇവർ സഞ്ചരിച്ച ബൈക്കിൽ തമിഴ്‌നാട്ടിൽ നിന്ന് ചേർത്തലയിലേക്ക് ഏത്തക്കായ കയറ്റി പോയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. എറണാകുളം ഇടപ്പള്ളിയിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന അഖിൽ ഞായറാഴ്ച കറുകുറ്റിയിൽ പിതൃസഹോദരന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ പോയി മടങ്ങുകയായിരുന്നു. അവിവാഹിതനാണ്. അമ്മ: അയിഷ. സഹോദരി: ആതിര.