 
കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളെ മികച്ചതാക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചതായി മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി (കെൽ) ലിമിറ്റഡിന്റെ മാമലയിൽ പ്രവർത്തനമാരംഭിച്ച പുതിയ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്പാദനക്ഷമത വർദ്ധിപ്പിച്ച് ഉത്പാദന ചെലവു കുറച്ച് മികച്ച ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കെല്ലിനു സാധിക്കണം. സർക്കാരിനെ ആശ്രയിക്കാതെ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്താൻ കഴിയണം. കെല്ലിൽ ഇൻഡസ്ട്രിയൽ പാർക്ക് വികസിപ്പിച്ചെടുക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ഏഴുമാസം കൊണ്ട് എൺപതിനായിരത്തിൽ അധികം സംരംഭങ്ങൾ ആരംഭിച്ചു. ഇത്തരം സംരംഭങ്ങളുമായി സഹകരിച്ച് കെല്ലിനാവശ്യമായ സാധനങ്ങൾ നിർമ്മിക്കുന്നതിന് ചെറിയ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള വിവിധ പദ്ധതികളെക്കുറിച്ച് ആലോചിക്കണം. ഇന്ത്യയിൽ ഒരു വർഷം നൂറ് എം.എസ്.എം.ഇ യൂണിറ്റുകൾ ആരംഭിച്ചാൽ അതിൽ മുപ്പത് എണ്ണം ആദ്യവർഷം തന്നെ അടച്ചു പൂട്ടുകയാണ്. ഇത് കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കെൽ ചെയർമാൻ പി.കെ. രാജൻ , മാനേജിംഗ് ഡയറക്ടർ റിട്ട. കേണൽ ഷാജി എം. വർഗീസ്, തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.