കൊച്ചി: ''ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലാ പ്രവർത്തകരായ ഏതാനും പുതിയ തലമുറക്കാർ ഖര്യക എന്ന പേരിൽ ഒരു ഇൻലന്റ് മാസിക ആരംഭിക്കാൻ ആഗ്രഹിക്കുന്നു എന്നറിഞ്ഞു സന്തോഷിക്കുന്നു. മാസികയ്ക്ക് എല്ലാ വിജയങ്ങളും നേരുന്നു.""
മൂന്ന് പതിറ്റാണ്ടു മുമ്പ് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ കത്തിലെ വാചകങ്ങളുടെ പുനർവായനയ്ക്ക് അവസരമൊരുക്കി ആർച്ച് ബിഷപ്പ് അട്ടിപ്പറ്റി പബ്ലിക് സ്‌ക്കൂളിൽ കെ.പി.സി.സി വിചാർ വിഭാഗ് ഒരുക്കിയ മലയാളപ്പെരുമ പ്രദർശനം ശ്രദ്ധേയമായി. ചങ്ങമ്പുഴ, തകഴി, ബാലാമണിയമ്മ, ഒ.എൻ.വി.കുറുപ്പ്, വി.കെ.എൻ, എം.പി. നാരായണ പിള്ള , വിലാസിനി, വൈലോപ്പിള്ളി തുടങ്ങി നൂറോളം പ്രശസ്ത എഴുത്തുകാരുടെ കത്തുകൾ പ്രദർശനത്തിനുണ്ടായിരുന്നു.
പ്രദർശനം ടി.ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഡയറക്ടർ ഫാ. ഷിബു സേവ്യർ, പി.എ. ലിസി, ജോൺസൺ മങ്ങഴ, ജോജോ കട്ടിക്കാരൻ, ഷൈനി സെബാസ്റ്റ്യൻ, ജോൺസൺ ഫെർണാണ്ടസ്, ടിറ്റോ വില്യം, വി.വി. മുരളീധരൻ, ഷിമ്മി പാട്രിക്ക് എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ കാൽ നൂറ്റാണ്ടുകൊണ്ട് ഇത്രയും കത്തുകൾ സമാഹരിച്ച വൈദ്യുതി ബോർഡ് ഇടപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ ഓവർസിയർ വി.ഡി. ഷജിലിനെ ടി.ജെ. വിനോദ് എം.എൽ.എ ആദരിച്ചു. കഴിയുന്നത്ര സ്‌കൂളുകളിൽ കത്തുകളുടെ പ്രദർശനം നടത്തുമെന്നും താൽപര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിക്കണമെന്നും ഷൈജു കേളന്തറ പറഞ്ഞു.