vaccine

കൊച്ചി: ജില്ലയിലെ കൊവിഡ് വാക്‌സിനേഷൻ നടപടികൾ പൂർത്തിയാകുന്നതിനു മുൻപേ നിലച്ച അവസ്ഥയിൽ. രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തിയായിട്ടില്ല. ബൂസ്റ്റർ ഡോസും ആർക്കും വേണ്ടാതായിക്കഴി‌ഞ്ഞു. ഏപ്രിലിനു ശേഷം വാക്‌സിനെടുക്കാൻ എത്തിയവരുടെ എണ്ണം 20ശതമാനത്തിൽ താഴെ മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

കൊവിഡിനെ ജനം മറന്നു

ഭയപ്പെടുത്തിയിരുന്ന കൊവിഡിനെ ജനം മറന്നെന്നും അതിനെ വൈറൽ പനിയുടെ അത്രയും പ്രാധാന്യത്തിൽ മാത്രമാണ് ഇപ്പോൾ കാണുന്നതെന്നും അതാണ് വാക്‌സിനേഷൻ പൂർത്തിയാകുന്നതിനു മുൻപേ നിലയ്ക്കാൻ കാരണമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. കൊവിഡ് പരിശോധന നിലച്ചതും വാക്‌സിനേഷൻ കുറയാൻ കാരണമായിട്ടുണ്ട്. പനി വന്നാൽ പഴയപടി ഡോക്ടറുടെ കുറിപ്പ് പോലുമില്ലാതെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് പാരസെറ്റമോൾ ഉൾപ്പെടെയുള്ള ഗുളികകൾ വാങ്ങി കഴിക്കുന്ന അവസ്ഥയിലേക്ക് ജനങ്ങൾ തിരികെപ്പോയതും വാക്‌സിനേഷൻ നിലയ്ക്കുന്നതിലേക്ക് നയിച്ചു.

കരുതൽ ഡോസ് 15 ശതമാനത്തിൽ താഴെ

രണ്ട് ഡോസ് വാക്‌സിനും പൂർത്തിയാക്കിയവർക്കുള്ള കരുതൽ ഡോസ് ജില്ലയിലെടുത്തത് 15 ശതമാനത്തിൽ താഴെ പേർ മാത്രമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 18 മുതൽ 60വയസുവരെയുള്ളവരുടെ ആകെ കണക്കാണിത്. 40-60 പ്രായത്തിലുള്ളവർക്ക് കരുതൽ ഡോസ് അത്യാവശ്യമാണെന്ന് നിർദേശിക്കപ്പെട്ടിരുന്നെങ്കിലും കൊവിഡിന്റെ കാഠിന്യം കുറഞ്ഞതോടെ ജനം അതൊക്കെ മറന്നു. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ 10 ശതമാനത്തോളം പേർ ഇനിയും ബാക്കിയുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഒന്നാം ഡോസ് വൈകിയെടുത്തവർക്കുള്ള രണ്ടാം ഡോസിന്റെ സമയമായപ്പോഴേക്കും കൊവിഡിന്റെ വ്യാപ്തി കുറഞ്ഞു. അതോടെ പലരും രണ്ടാം ഡോസ് എടുക്കാതെയായി.

അറിയിപ്പുമില്ല പരിശോധനയുമില്ല
വാക്‌സിൻ എടുത്തവരുടെയും എടുക്കാനുള്ളവരുടെയുമെല്ലാം എണ്ണം ആശാ വർക്കർമാർ ഉൾപ്പെടെയുള്ളവർ വഴി പ്രാദേശികമായി ശേഖരിച്ചിരുന്നു. ഇവർക്ക് വാക്സിനേഷനുള്ള ക്രമീകരണങ്ങളും നിർദേശങ്ങളും തദ്ദേശ സ്ഥാപനങ്ങൾ വഴി ചെയ്ത് നൽകിയിരുന്നു. അവയെല്ലാം മാർച്ച്- ഏപ്രിൽ മാസങ്ങളോടെ നിലച്ചു. ഫോണിലൂടെയും പരസ്യങ്ങളിലൂടെയുമെല്ലാം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയിരുന്ന കൊവിഡ്- വാക്‌സിനേഷൻ മുന്നറിയിപ്പുകൾ പിൻവലിച്ചതും വിനയായി. വാക്‌സിൻ എവിടെയൊക്കെ സ്റ്റോക്കുണ്ടെന്നതിനും കൃത്യമായ പട്ടികയില്ല.

ഡാറ്റാ എൻട്രിയും നിലച്ചു
വാക്‌സിൻ എടുക്കുന്നവരുടെ പട്ടിക തയാറാക്കുന്നത് മെയ് മാസത്തോടെ അവസാനിച്ചു. പ്രായം തിരിച്ച് ഓരോ ഡോസ് വാക്‌സിൻ എടുക്കുന്നവരുടെയും എണ്ണം, ശതമാനം, ബാക്കിയുള്ളവർ എന്നിങ്ങനെ കൃത്യമായി തയാറാക്കിയിരുന്ന പട്ടിക മെയ് മാസത്തിനുശേഷം അധികൃതരുടെ പക്കലില്ലെന്നാണ് വിവരം.


ഏപ്രിൽ അവസാനം വരെ വാക്സിൻ സ്വീകരിച്ചവർ

(പ്രായം, ഒന്നാംഡോസ്,​ രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് എന്ന കണക്കിൽ)

60ന് മുകളിൽ- 6,76,065 - 6,19,471 - 94,142

45-60 - 7,83,400 - 7,00,952 - 3,391

18-44- 15,08,180 - 12,16,900 - 5,90

15-17- 1,10,623 - 73,437 - 0

12-14 7,279 - 57 - 0

ആരോഗ്യ-
മുൻഗണനാ
വിഭാഗം 1,40,500 - 1,66,072 - 46,831

ആകെ- 32,26,047 - 27,36,889 - 1,44,954

ഒന്നാം ഡോസ് - 101.61%
രണ്ടാം ഡോസ് - 86.20%
ബൂസ്റ്റർ ഡോസ്- 4.49%