പള്ളുരുത്തി: വിപണിയിലെ വിലവർദ്ധന പൊതുജനങ്ങളെ ബാധിക്കാതിരിക്കാൻ സബ്സിഡി നിരക്കിൽ അരി വിതരണം ചെയ്യുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന അരി വണ്ടി കൊച്ചി താലൂക്കിൽ സർവീസ് തുടങ്ങി. കരുവേലിപടി, കല്ലു ഗോഡൗണിൽ നടന്ന ചടങ്ങിൽ കെ.ജെ.മാക്സി എം.എൽ.എ വണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. റേഷൻ കാർഡ് ഒന്നിന് സബ്സിഡി നിരക്കിൽ 10 കിലോ അരിയാണ് വിതരണം ചെയ്യുന്നത്. മട്ടഅരി- 24 രൂപ, ജയ,കുറുവ അരി- 25 രൂപ, പച്ചരി 23 രൂപ എന്ന വിലകളിലാണ് വില്പന. ഡിപ്പോ മാനേജർ മറീന ജോൺ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എം.ഹബീബുള്ള , ജൂനിയർ ഡിപ്പോ മാനേജർ അനിത, എം.ഉമ്മർ,തൊഴിലാളി പ്രതിനിധി കൺവീനർ റിയാസ് അബ്ദു എന്നിവർ സംബന്ധിച്ചു. അതേസമയം,​ അരിവണ്ടിയുടെ വിതരണ മേഖലകളിൽ നിന്ന് ഫോർട്ടുകൊച്ചിയെയും മട്ടാഞ്ചേരിയെയും ഒഴിവാക്കിയത് ഉദ്ഘാടന ചടങ്ങിനുശേഷം പ്രതിഷേധത്തിന് വഴിവെച്ചു. തുടർന്ന് മട്ടാഞ്ചേരി ,ഫോർട്ടുകൊച്ചി മേഖലയിലും വണ്ടി എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡിപ്പോ മാനേജർ അറിയിച്ചു.