തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ കെട്ടിട നിർമ്മാണ അപേക്ഷകൾ കെട്ടിക്കിടക്കുന്നു.കഴിഞ്ഞ ഒന്നരമാസമായാണ് കെട്ടിട നിർമ്മാണ ഫയലുകൾ നീങ്ങുന്നില്ലെന്ന പരാതി ഉയർന്നിരിക്കുന്നത്.

കെട്ടിട നിർമ്മാണ പെർമിറ്റിനുള്ള അപേക്ഷ സമർപ്പിച്ച് 20 ദിവസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ പരാതിക്കൊരുങ്ങുകയാണ്. എൻജിനിയറിംഗ് വിഭാഗത്തിലെ ചില ഓവർസിയർമാരുടെ കടുംപിടുത്തമാണ് ഫയലുകൾ നീങ്ങുന്നത് മന്ദഗതിയിലാകാൻ കാരണമെന്ന് പറയപ്പെടുന്നു. കോൺട്രാക്ടർമാരുടെയും ഇടനിലക്കാരുടെയും ഫയലുകളിലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമ്പോൾ നേരിട്ട് അപേക്ഷിക്കുന്നവരാണ് അവഗണന നേരിടുന്നത്. എൻജിനിയറിംഗ് വിഭാഗത്തിലെ മെല്ലെപ്പോക്ക് കാരണം രണ്ട് ക്ലർക്കുമാരെ മാറ്റണമെന്ന് മുനിസിപ്പൽ വൈസ്.ചെയർമാൻ രേഖാമൂലം സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും ചെയർപേഴ്സൺ അനുവദിക്കാത്തതുമൂലം തീരുമാനമെടുക്കാനാകുന്നില്ല. ഇതുസംബന്ധിച്ച് വൈസ് ചെയർമാൻ ധനകാര്യ ഡയറക്ടർക്ക് പരാതി നൽകി.
ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചവരെ ചില ഉദ്യോഗസ്ഥർ അനാവശ്യമായി നെട്ടോട്ടമോടിക്കുകയാണെന്നും പരാതിയുണ്ട്. ഓൺലൈൻ സംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആരോപണം ഉയരുന്നു. എല്ലാ അപേക്ഷകളും ഓൺലൈൻ വഴിയാക്കണമെന്നാണ് സർക്കാർ നിർദേശം. തൃക്കാക്കരയിലും നിർദേശം വേഗം നടപ്പിലാക്കണമെന്നും സമയക്രമം പാലിച്ച് അപേക്ഷകൾക്ക് പരിഹാരം കാണണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.