che

പെരുമ്പാവൂർ: നാലാമത്‌ പെരുമ്പാവൂർ പഞ്ചവാദ്യം നാദമഴ പൊഴിച്ച് ആസ്വാദകരെ ആനന്ദത്തിലാറാടിച്ചു. ചോറ്റാനിക്കര വിജയൻമാരാരുടെ മുഖ്യപ്രമാണത്തിൽ 62 കലാകാരന്മാർ പങ്കെടുത്ത നാദനൈവേദ്യമാണ് ശ്രദ്ധേയമായത്.
ചോറ്റാനിക്കരത്രയം നയിച്ച തിമില താളവട്ടം ലയ മാധുര്യമായപ്പോൾ കോട്ടയ്ക്കൽ രവിയുടെ നേതൃത്വത്തിൽ 9 മദ്ദളങ്ങളിലെ താളവട്ടവും വിസ്മയമായി. തൃശൂർ പൂരം മഠത്തിൽ വരവ് പ്രമാണിമാരായ മച്ചാട്ട് മണികണ്ഠന്റെ നേതൃത്ത്വത്തിൽ 19 കലാകാരന്മാർ കൊമ്പിൽ ആണിനിരന്നപ്പോൾ ചേലക്കര സൂര്യനാരായണന്റെ നേതൃത്വത്തിൽ 15 കലാകാരന്മാർ ഇലതാളത്തിൽ പങ്കെടുത്തു.
ഇടയ്ക്കയിൽ കാവിൽ അജയൻ മാരാർ പ്രമാണിയായി. എൻ. ഹരിഹരസുബ്രഹ്‌മണ്യ അയ്യരുടെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന സദസ് വാർഡ് കൗൺസിലറും ദേവസ്വം ഉപദേശക സമിതി പ്രസിഡന്റുമായ ടി. ജവഹർ ഉദ്ഘാടനം ചെയ്തു.

മദ്ദളാചാര്യൻ കലാമണ്ഡലം ശങ്കരവാര്യർ മുഖ്യാതിഥിയായിരുന്നു. തിരഞ്ഞെടുത്ത കലാകാരന്മാർക്ക് സുവർണ മുദ്രകൾ നൽകി ആദരിച്ചു. സമിതി സെക്രട്ടറി സി.വൈ. സുബ്രഹ്‌മണ്യൻ, ദേവസ്വം ബോർഡ് ഓഫീസർ അശോക് കുമാർ, വരാഹൻ എന്നിവർ പങ്കെടുത്തു.