
കൊച്ചി: കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ തിരുവനന്തപുരം ഷാരോൺ വധക്കേസ് അന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജിയുടെ നിയമോപദേശം. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നടന്നത് തമിഴ്നാട്ടിലാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവി എ.ജിയുടെ നിയമോപദേശം തേടിയിരുന്നു. അതേസമയം, ഇതേ അഭിപ്രായം തന്നെയാണ് സർക്കാർ അഭിഭാഷകനും പൊലീസിന് കൈമാറിയത്.
തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യവും മറ്റും നടന്നത്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പാറശാല പൊലീസാണ്. കേരള പൊലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസമില്ലെങ്കിലും തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജിയുടെ നിയമോപദേശത്തിൽ പറയുന്നു.