മൂവാറ്റുപുഴ: നഗരസഭ നിർമ്മിച്ച ആധുനിക മത്സ്യമാർക്കറ്റ് തുറന്നു കൊടുക്കാൻ തീരുമാനമായി. കോടികൾ മുടക്കി നിർമ്മിച്ച മാർക്കറ്റിലെ ഇരുപതോളം വരുന്ന സ്റ്റാളുകൾ മത്സ്യ വ്യാപാരികൾക്ക് ലേലംചെയ്തു നൽകും. കെട്ടിടത്തിലെ സ്റ്റാളുകൾക്ക് വാടക നിശ്ചയിച്ച് ഓരോ സ്റ്റാളിനും 2വർഷത്തെ വാടക
ഡെപ്പോസിറ്റായി വാങ്ങി നൽകാനാണ് ധനകാര്യസമിതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് അടുത്ത ദിവസം സ്റ്റാളുകൾ ലേലംചെയ്തു നൽകുമെന്ന് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽ സലാം അറിയിച്ചു . മാർക്കറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ ലക്ഷങ്ങളാണ് വാടകഇനത്തിൽ നഗര സഭയ്ക്ക് നഷ്ടമായത്.
നിലവിൽ സ്റ്റേഡിയത്തിന് സമീപത്തുനിന്നും മാർക്കറ്റിലേക്കുള്ള റോഡിനു പുറമെ വണ്ടിപ്പേട്ടയിൽ നിന്നും എവറസ്റ്റ് കവലയിൽ നിന്നുകൂടി വഴിതുറന്നാൽ മാർക്കറ്റ് കൂടുതൽ ശ്രദ്ധാകേന്ദ്രമാകും.
രണ്ടു കോടിയോളം രൂപ ചെലവഴിച്ച് 7 വർഷം മുമ്പ് നഗരസഭ നിർമ്മിച്ച മാർക്കറ്റ് ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം ഒരേക്കറോളം വരുന്ന സ്ഥലത്താണ് സംസ്ഥാന തീരദേശ കോർപ്പറേഷന്റെ സഹകരണത്തോടെ ശുചിത്വപൂർണ മത്സ്യമാർക്കറ്റ് എന്ന ലക്ഷ്യത്തിൽ നിർമ്മിച്ചത്. 2009ൽ കേന്ദ്രസർക്കാർ നൽകിയ തുക കൊണ്ടാണ് നിർമാണം തുടങ്ങിയത്. ജോസഫ് വാഴയ്ക്കൻ എം.എൽ.എ ആയിരിക്കുമ്പോൾ ആസ്തിവികസനഫണ്ടിൽനിന്ന് 45.33 ലക്ഷം രൂപയും കേന്ദ്രത്തിന്റെ 1.62 ലക്ഷവും ചേർത്താണ് നിർമാണം പൂർത്തിയാക്കിയത്. ശീതീകരണ സംവിധാനവും ആധുനിക മാലിന്യ സംസ്കരണ സംവിധാനവും നിരവധി സ്റ്റാളുകളും ഉൾകൊള്ളുന്ന രണ്ടുനില കെട്ടിടമാണ് ശുചിത്വ മത്സ്യമാർക്കറ്റിനുവേണ്ടി പൂർത്തിയാക്കിയത്.
2014 ൽ ഉദ്ഘാടനം നടത്തിയെങ്കിലും വർഷം 8 കഴിത്തിട്ടും തുറന്നുകൊടുത്തില്ല. വർഷങ്ങളോളം അടച്ചുപൂട്ടി ഇട്ടതോടെ ഒറ്റപ്പെട്ടസ്ഥലത്ത് സ്ഥിതിചെയ്യന്ന മാർക്കറ്റിലെ പല ഉപകരണങ്ങളും സാമൂഹ്യവിരുദ്ധർ അഴിച്ചു വിറ്റു. മാർക്കറ്റിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളും ഫ്രീസറിൻെറ ഭാഗങ്ങളുമടക്കമാണ് സാമൂഹിക വിരുദ്ധർ കൊണ്ടുപോയത്. ലക്ഷങ്ങൾ വിലമതിക്കുന്ന ശീതീകരണ സംവിധാനങ്ങളെല്ലാം കഴിഞ്ഞപ്രളയത്തിൽ വെള്ളം കയറി നശിക്കുകയും ചെയ്തു. നേരത്തെ വാച്ചറെ ഇവിടെ നിയമിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിയത് സാമൂഹ്യ വിരുദ്ധർക്ക് സഹായമായി.