കൊച്ചി: അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട രാധാമണിക്ക് (72) ആധാർകാർഡ് സംഘടിപ്പിക്കുന്നതിനുള്ള യജ്ഞത്തിലാണ് കുടുംബശ്രീ പ്രവർത്തകർ. മാനസികാസ്വാസ്ഥ്യമുള്ള ഇവർ പൊറ്റക്കുഴിയിലെ വീട്ടിൽ തനിയെയാണ് താമസം. ഇടിഞ്ഞുപൊളിഞ്ഞ ഒറ്റ മുറി വീട് ഏതു നിമിഷവും താഴെ വീഴുമെന്ന അവസ്ഥയിലാണ്. വീട്ടിൽ വൈദ്യുതിയില്ല, വെള്ളമില്ല, കക്കൂസില്ല. അയൽക്കാർ രണ്ടു നേരവും ഭക്ഷണം കൊടുക്കും. ആരെയും വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. തന്റെ സ്ഥലം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് സഹായിക്കാനെത്തുന്നവരെ ചീത്ത പറഞ്ഞ് ആട്ടിയോടിക്കും. ആധാർ കാർഡിനുള്ള ഫോട്ടോ എടുക്കുന്നതിന് രാധാമണിയെ അക്ഷയകേന്ദ്രത്തിൽ എത്തിക്കാനുള്ള കുടുംബശ്രീ പ്രവർത്തകരുടെ ശ്രമം പരാജയപ്പെട്ടു. ഒടുവിൽ അവരറിയാതെ മൊബൈലിൽ ഫോട്ടോ എടുത്ത് അത് സ്റ്റുഡിയോയിൽ കൊടുത്ത് പാസ്പോർട്ട് സൈസായി മാറ്റിയെടുക്കുകയായിരുന്നുവെന്ന് എ.ഡി.എസ് അദ്ധ്യക്ഷ സമീറ പറഞ്ഞു. പൊറ്റക്കുഴി ഡിവിഷനിൽ അഞ്ച് അതിദരിദ്ര കുടുംബങ്ങളാണുള്ളത്. മറ്റുള്ളവർ ഇതിനേക്കാൾ മോശം ആരോഗ്യസ്ഥിതിയിലാണെന്ന് കോർപ്പറേഷൻ ജീവനക്കാർ പറഞ്ഞു.
* 463 അതിദരിദ്ര കുടുംബങ്ങൾ
സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയയുടെ ഭാഗമായി കൊച്ചി കോർപ്പറേഷനിൽ 463 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. വാർഡ് തലത്തിൽ നടന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ പട്ടിക കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്. ഭക്ഷണം, വരുമാനം, ആരോഗ്യം, താമസസ്ഥലം എന്നീ മുഖ്യ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് അതി ദാരിദ്ര്യ നിർണ്ണയ പ്രക്രിയ നടത്തിയത്. ഇത്തരത്തിൽ കണ്ടെത്തിയ കുടുംബങ്ങളുടെ അവസ്ഥ തിരിച്ചറിഞ്ഞ് അവരുടെ അടിയന്തര അതിജീവന ആവശ്യങ്ങൾ, ഹ്രസ്വകാലത്തേക്കുള്ള പ്രവർത്തനങ്ങൾ, ദീർഘകാലത്തേക്കുള്ള പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
* അതിദരിദ്രർ കൂടുതൽ
പശ്ചിമകൊച്ചിയിൽ
അതിദരിദ്രരിൽ അധികംപേരും പശ്ചിമകൊച്ചിയിൽ നിന്നാണ്. ഇതിൽ 563 സ്ത്രീകളുണ്ട്. ആർക്കും ആധാർകാർഡോ, റേഷൻ കാർഡോ, വോട്ടേഴ്സ് കാർഡോ ഇല്ല. 70 പേർക്ക് വീടു വയ്ക്കാൻ സഹായം ആവശ്യമുണ്ട്. പുല്ലാർദേശം, വടുതല, തേവര, പോണക്കര എന്നിവിടങ്ങളിലും അതിദരിദ്ര കുടുംബങ്ങളുണ്ട്. 25 പേർ പുനരധിവാസം ആവശ്യമുള്ളവരാണ്. എല്ലാവർക്കും മഞ്ഞ കാർഡ് (എ.എ.വൈ കാർഡ് ) ലഭ്യമാക്കും. കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവരും കൂട്ടത്തിലുണ്ട്. അതിദരിദ്രരിൽ ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐഡി എന്നിവ ഇല്ലാത്തവർക്ക് അടിയന്തര സേവനമായി ഇവ ലഭ്യമാക്കാനാണ് സർക്കാർ തീരുമാനം.
* കോർപ്പറേഷൻ സെക്രട്ടറി
സാക്ഷ്യം നൽകി
അതിദരിദ്രരാണെന്ന് കാട്ടി കോർപ്പറേഷൻ സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഇവർക്ക് ആധാറും റേഷൻ കാർഡും നൽകുന്നത്. 85 പേർക്ക് റേഷൻകാർഡും ആധാറും ലഭിച്ചു. അവശേഷിക്കുന്നവർക്കും അധികം വൈകാതെ അവകാശ രേഖകൾ ലഭിക്കും.