ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ മുതിർന്ന പൗരന് നഷ്ടപ്പെട്ട നാല് ലക്ഷത്തോളം രൂപ തിരികെയെടുത്ത് നൽകി എറണാകുളം റൂറൽ ജില്ല സൈബർ പൊലീസ്. ആലുവ വാഴക്കുളം സ്വദേശിക്കാണ് പണം നഷ്ടമായത്.
ഒരു ദേശസാത്കൃത ബാങ്കിന്റെ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാനുള്ള സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ചതോടെയാണ് തട്ടിപ്പിനു തുടക്കം. ബാങ്കിന്റേതെന്ന് തോന്നിപ്പിക്കുന്ന ലോഗോയും ലിങ്കിലുണ്ടായിരുന്നു. ലിങ്കിൽ കയറി അവർ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറി. നെറ്റ് ബാങ്ക് വിശദാംശങ്ങൾ, യൂസർ ഐഡി, പാസ് വേർഡ്, ഒ.ടി.പി തുടങ്ങിയ രഹസ്യവിവരങ്ങൾ തട്ടിപ്പ് സംഘവുമായി പങ്കുവച്ചു. നിമിഷനേരം കൊണ്ട് രണ്ട് ട്രാൻസാക്ഷനുകളിൽ നിന്നായി നാല് ലക്ഷത്തോളം രൂപ സംഘം കൈക്കലാക്കി. തുടർന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് പരാതി നൽകി. എസ്.പിയുടെ നിർദ്ദേശപ്രകാരം സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പുസംഘം കൈക്കലാക്കിയ തുകയെക്കുറിച്ചുള്ള വിശദാംശങ്ങൾ മനസിലാക്കി. പകുതിയോളം തുകയ്ക്ക് ഓൺലൈൻ വ്യാപാരസൈറ്റിൽ നിന്ന് മൂന്ന് ഐ ഫോണുകൾ ഓർഡർ ചെയ്തതായി കണ്ടെത്തി.
സൈറ്റുമായി ബന്ധപ്പെട്ട് ഈ ഓർഡർ കാൻസൽ ചെയ്യിച്ച് പണം തിരികെ പരാതിക്കാരന്റെ അക്കൗണ്ടിലെത്തിച്ചു. ബാക്കിതുക സംഘം അവരുടെ അക്കൗണ്ടിലൂടെ പണമായി പിൻവലിക്കാനുള്ള ശ്രമത്തിലായിരുന്നു. അക്കൗണ്ട് മരവിപ്പിച്ച് പണം തിരികെ ലഭ്യമാക്കി. സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.ബി. ലത്തീഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എം. തൽഹത്ത്, ലിജോ ജോസ്, പി.എസ്. ഐനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബാങ്ക് വിവരങ്ങളും, ഒ.ടി.പിയും പങ്ക് വയ്ക്കരുതെന്നും ഇത്തരം മെസേജുകൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത വേണമെന്നും എസ്.പി വിവേക് കുമാർ പറഞ്ഞു.