ആലുവ: ആലുവ മണപ്പുറം നടപ്പാലത്തിൽ രാപ്പകൽഭേദമന്യേ സാമൂഹികവിരുദ്ധരുടെ ശല്യമേറിയതോടെ കുടുംബസമേതമുള്ള യാത്രപോലും ദുസഹമായി. രാവിലെമുതൽ പകലന്തിയോളം സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങി മുതിർന്നവരുടെവരെ തിരക്കാണ്. ഓരോരുത്തരും പാലത്തിൽ മണിക്കൂറുകൾ തമ്പടിക്കും.
നടപ്പാതയുടെ പലഭാഗങ്ങളിലും അഞ്ചടി വിസ്തൃതിയിൽ പ്രത്യേകതട്ടുകൾ പുറത്തേക്ക് നിർമ്മിച്ചിട്ടുണ്ട്. ഇവിടെക്കയറി ഇരിക്കുന്നവർ പരിസരബോധം പോലുമില്ലാതെയാണ് പെരുമാറുന്നതെന്നാണ് പരാതി. കുടുംബസമേതം കുട്ടികളുമായി യാത്രചെയ്യാൻ പോലുമാകാത്ത വിധമാണ് പാലത്തിൽ തമ്പടിക്കുന്നവരുടെ നടപടികൾ. സ്കൂളുകളിലും കോളേജുകളിൽനിന്നും വരുന്ന കുട്ടികൾ ഭയമില്ലാതെ വിലസുകയാണ്. പലവട്ടം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായിട്ടില്ല. പാലസിലെ ജീവനക്കാർ പലവട്ടം പൊലീസിനെ വിളിച്ചിട്ടുണ്ടെങ്കിലും അതും കാര്യമായി ഫലിച്ചിട്ടില്ല.
പാലത്തിൽ മാത്രമല്ല പാർക്കിന് സമീപത്തുനിന്ന് പെരിയാറിലേക്കുള്ള നടപ്പാതയിലും സാമൂഹികവിരുദ്ധരുടെ ശല്യമാണ്. രാവിലെ സ്കൂളിലേക്കെന്നും പറഞ്ഞ് വരുന്നവർ പാലത്തിലും നടപ്പാതയിലും മണിക്കൂറുകൾ ചെലവഴിച്ച് മടങ്ങുകയാണ്. ഇതിനിടയിലാണ് പാലം ആത്മഹത്യമുനമ്പായും മാറുന്നത്.
ഹൈക്കോടതി വിധി നടപ്പിലാക്കണം: ഹിന്ദു ഐക്യവേദി
മണപ്പുറം ക്ഷേത്രത്തിലേക്കുള്ള നടപ്പാലം സംബന്ധിച്ച് 2014ലെ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. മണപ്പുറം നടപ്പാലം പൊതു സ്വഭാവമുള്ളതല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രദർശന സമയം കഴിഞ്ഞാൽ പാലം പൂട്ടിയിടണമെന്നും വിധിയുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാൻ ദേവസ്വംബോർഡ് തയ്യാറാകുന്നില്ലെന്നും ഇത് പ്രതിഷേധാർഹമാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.
പാലത്തിൽ പകലും രാത്രിയിലും അനാശാസ്യ പ്രവർത്തനങ്ങളും സാമൂഹ്യവിരദ്ധരുടെ ശല്യവുമാണ്. ദേവസ്വം ബോർഡ് ഉചിതമായ നടപടിയെടുത്തില്ലെങ്കിൽ നിയമനടപടികളെടുക്കും. യോഗത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.സി. ബാബു, താലൂക്ക് ജനറൽ സെക്രട്ടറി തൃദീപൻ, സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു.
പൊലീസ് പട്രോളിംഗ് ശക്തമാക്കണം
മണപ്പുറം നടപ്പാലത്തിലെ സാമൂഹിക വിരുദ്ധശല്യം നേരിടാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കണം. മുഴുവൻ സമയം ഇവിടെ പൊലീസിനെ നിയോഗിക്കണം. അല്ലാത്തപക്ഷം നേരത്തെ മണപ്പുറത്തുണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് പുന:സ്ഥാപിക്കണം.
വി.ടി. സതീഷ്, കേരള സാംസ്കാരിക
പരിഷത്ത് ജില്ലാ പ്രസിഡന്റ്