കൊച്ചി: ബിഷപ്പ് നിയമത്തിന് അതീതനല്ലെന്നും ബിഷപ്പ്ഹൗസ് കെട്ടിടനിർമ്മാണച്ചട്ടം പാലിച്ചേ മതിയാകൂവെന്നും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ. തിരുവനന്തപുരം എൽ.എം.എസ് വളപ്പിലെ അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വട്ടപ്പാറ പുഞ്ചിരിയകം സ്വദേശി ഷേം പി. ഐസക്ക് സമർപ്പിച്ച ഹർജിയിലെ ഇടക്കാല ഉത്തരവിലാണ് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയെ ഇക്കാര്യം ഓർമ്മപ്പെടുത്തിയത്.

എൽ.എം.എസ് വളപ്പിലെ 20 ഏക്കറിൽ അൻപതോളം കെട്ടിടങ്ങളിൽ പലതും നിലവിലുള്ളതിനോട് കൂട്ടിച്ചേർത്തതോ പുതിയ അനധികൃത നിർമ്മാണങ്ങളോ ആണെന്ന് കോർപ്പറേഷൻ സെക്രട്ടറി ഓംബുഡ്സ്മാൻ സിറ്രിംഗിൽ അറിയിച്ചിരുന്നു. അനധികൃത നിർമ്മാണങ്ങൾ റെഗുലറൈസ് ചെയ്യുന്നതിന് 41,44,526 രൂപ നികുതി അടയ്ക്കാൻ നോട്ടീസ് നൽകിയെങ്കിലും എതിർകക്ഷികൾ അനുസരിച്ചില്ല. റവന്യൂ റിക്കവറി നടപടി ആലോചിക്കുന്നുണ്ടെന്നും സെക്രട്ടറി വിശദീകരിച്ചു.

കേസ് പരിഗണിച്ചപ്പോൾ എൽ.എം.എസിന്റെ പ്രതിനിധികൾ ഹാജരാവുകയോ വിശദീകരണം നൽകുകയോ ചെയ്തില്ല. കോർപ്പറേഷന്റെ നോട്ടീസിന്റെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണം റഗുലറൈസ് ചെയ്യുന്നതിന് അപേക്ഷിക്കുകയോ ലേ-ഔട്ട് അംഗീകാരം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് നിരീക്ഷിച്ച ഓംബുഡ്സമാൻ, മുനിസിപ്പൽ നിയമം അവഗണിച്ച് നിർമ്മാണങ്ങൾ ആരുടെ ഭാഗത്തുനിന്നായാലും അനുവദിക്കാൻ പാടില്ലെന്ന് കോ‌ർപ്പറേഷൻ സെക്രട്ടറിയെ ഓർമ്മിപ്പിച്ചു. അനധികൃത നിർമ്മാണത്തിൽ നിയമവും ചട്ടവും അനുസരിച്ചുള്ള നടപടികൾ സമയബന്ധിതമായി തീർപ്പാക്കണം. ഡിസംബർ 27ന് കേസ് വീണ്ടും പരിഗണിക്കും.