x
ഇടുങ്ങിയ റോഡിൽ അശാസ്ത്രീയമായി നിർമ്മിച്ച മീഡിയൻ

തൃപ്പൂണിത്തുറ: വൈക്കം റോഡിലെ ഏറ്റവും അപകടം നിറഞ്ഞ വളവായ പുതിയകാവ് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം പണിത അശാസ്ത്രീയമായ മീഡിയൻ യാത്രക്കാർക്ക് തലവേദനയാകുന്നു.

കുരീക്കാട് നിന്ന് തൃപ്പൂണിത്തുറ മാർക്കറ്റിൽ നിന്നുമുള്ള ഏറെ വാഹനങ്ങൾ സഞ്ചരിക്കുന്ന രണ്ട് റോഡുകൾ ചേരുന്ന ജംഗ്ഷനാണിത്. വാഹനങ്ങളുടെ ബാഹുല്യം നിയന്ത്രിക്കാൻ കഴിയാത്ത വളരെ വീതി കുറഞ്ഞ ഈ റോഡിലെ പഴയ മീഡിയൻ പൊളിച്ചു കളഞ്ഞാണ് റോഡിന്റെ ഏറെ ഭാഗം അപഹരിക്കുന്ന രീതിയിൽ രണ്ടര അടിയോളം വീതിയുള്ള കോൺക്രീറ്റ് മീഡിയൻ നിർമ്മിച്ചിരിക്കുന്നത്. വൈകിട്ട് വൈക്കം - കോട്ടയം ഭാഗത്തേക്ക് എറണാകുളത്ത് നിന്ന് മറ്റും വരുന്ന ബസുകൾ അടക്കമുള്ള വാഹനങ്ങൾ കിഴക്കേകോട്ട മുതൽ പുതിയകാവ് വരെ നിരനിരയായി നിരങ്ങിയാണ് നീങ്ങുന്നത്. രണ്ട്കിലോമീറ്റർ ദൂരം താണ്ടാൻ അരമണിക്കൂറിൽ കൂടുതൽ എടുക്കുന്നുണ്ടെന്നാണ് പരാതി.

ആംബുലൻസുകൾ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. കണ്ടനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഇല്ലാത്തതും പോരായ്മയാണ്. ഇതിനിടയിലാണ് സമീപത്തെ ആയുർവേദ കോളേജിനോട് ചേർന്ന് കാന പൊളിച്ച് കോൺക്രീറ്റ് സ്ലാബുകൾ റോഡിനോട് ചേർന്ന് നിരത്തിവച്ചിരിക്കുന്നത്. പുതിയകാവിൽ നിർമ്മിച്ച മീഡിയനുകൾ പൊളിച്ച് ജംഗ്ഷനെ ശാസ്ത്രീയമായി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.