കളമശേരി: വീട് നിർമ്മാണത്തിന് പെർമിറ്റ് എടുത്തതിന്റെ മറവിൽ പുഴയോടു ചേർന്നുള്ള ഭൂമിയിൽ വൻതോതിൽ മാലിന്യങ്ങൾ അടിച്ച് മണ്ണിട്ടു മൂടി നിലം നികത്താനുള്ള ശ്രമം ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ, പ്രതിപക്ഷ നേതാക്കളായ പി.എം.അയൂബ്, എസ്.ഷാജി, പി.ബി.ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ കൗൺസിലർമാർ അടക്കമുള്ളവർ ചേർന്ന് തടഞ്ഞു. ഏലൂർ നഗരസഭയിലെ ഇടമുള വാർഡിൽ ദിവസങ്ങളായി തുടർന്നു വന്നിരുന്ന പ്രവൃത്തി ഇന്നലെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കുറ്റിക്കാട്ടുകര വെള്ളർ കോടത്ത് വീട്ടിൽ സജിൻ കുഞ്ഞുമുഹമ്മദിന്റെ ഉടമസ്ഥതയിലെ ഏകദേശം ഒരേക്കറോളം വരുന്ന സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനാണ് മുനിസിപ്പാലിറ്റിയിൽ നിന്ന് അനുമതി നേടിയത്. മണ്ണിടിച്ച് നികത്താനും മാലിന്യങ്ങൾ കൊണ്ടു വരാനും ലൈസൻസോ അനുവാദമോ കൊടുത്തിട്ടില്ലെന്ന് ചെയർമാനും സ്ഥലത്തെത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരായ സലാവുദ്ദീനും അഖിലും പറഞ്ഞു. രേഖകൾ പരിശോധിച്ച ശേഷം നിയമനടപടികൾ കൈക്കൊള്ളുമെന്ന് ഏലൂർ എസ്.ഐ യും പറഞ്ഞു. മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാൻ ചെയർമാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.