കൊച്ചി: നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ സമരത്തെ മേയർ ആക്ഷേപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു. ജനകീയസമരങ്ങൾ എന്നു മുതലാണ് സി.പി.എമ്മിന് നാടകങ്ങളായി മാറിയതെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പ്രധാന കനാലുകൾ ശുചീകരിച്ചിട്ടില്ല. വെള്ളക്കെട്ടിന്റെ
ഉത്തരവാദിത്ത വിവിധ ഏജൻസികളുടെ തലയിൽ കെട്ടിവെച്ച് തടിയൂരാനാണ് ശ്രമിക്കുന്നത്.
എം .ജി റോഡിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള മുല്ലശേരി കനാലിന്റെ പ്രവൃത്തികളെങ്കിലും പൂർത്തിയാക്കണമെന്ന് എം.എൽ. എ എന്ന നിലയിൽ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും എം.എൽ.എ പറഞ്ഞു.
ഹൈബിഈഡൻ എം.പിയും എം.എൽ.എയും വെള്ളക്കെട്ടിന്റെ പേരിൽ രാഷ്ട്രിയപ്രേരിത സമരങ്ങൾക്ക് നേതൃത്വം നൽകുകയാണെന്ന് മേയർ എം. അനിൽകുമാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.വെള്ളക്കെട്ട് സംബന്ധിച്ച അവലോകന യോഗങ്ങളിൽ പങ്കെടുക്കാറുള്ള എം.പിക്കും എം.എൽഎയ്ക്കും പ്രശ്നത്തിന്റെ യഥാർത്ഥ കാരണങ്ങൾ അറിയുന്നതാണെന്നും മേയർ ചൂണ്ടിക്കാട്ടിയിരുന്നു.