കൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസ് പ്രതികളായ ഭഗവൽ സിംഗിന്റെയും ലൈലയുടെയും വീടിനോട് ചേർന്നുള്ള കുഴിയിൽ നിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളിൽ ഒന്ന് കാലടി മറ്റൂരിൽ നിന്ന് ആദ്യം കാണാതായ റോസ്‌ലിയുടേതെന്ന് സ്ഥിരീകരിച്ചു. രണ്ട് കുഴികളിൽ ഒന്നിൽ നിന്ന് ശേഖരിച്ച 11ശരീരഭാഗങ്ങളിൽ ഒന്ന് റോസ്‌ലിയുടേതാണെന്നാണ് ഡി.എൻ.എ ഫലം. മറ്റൊരു കുഴിയിൽ നിന്ന് ശേഖരിച്ച 56 കഷണങ്ങളിലൊന്ന് കൊച്ചിയിൽ നിന്ന് കാണാതായ പദ്മയുടേതാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 65 ശരീരഭാഗങ്ങളുടെ ഡി.എൻ.എ ഫലം ഇനിയും ലഭിക്കാനുണ്ട്. ഇതിന് ശേഷമേ ബന്ധുക്കൾക്ക് മൃതദേഹാവശിഷ്ടങ്ങൾ കൈമാറൂ.
പൊലീസിന്റെ കണ്ടെത്തൽ ശരിവയ്ക്കും വിധം കൊല്ലപ്പെട്ടത് റോസ്‌ലിയും പദ്മയുമെന്ന് ഡി.എൻ.എ പരിശോധനയിൽ വ്യക്തമായതോടെ കുറ്റപത്രം പൂർത്തിയാക്കി ഡിസംബർ ആദ്യവാരം സമർപ്പിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒക്ടോബർ 12നാണ് കേസിൽ ഭഗവൽ സിംഗ്, ഭാര്യ ലൈല, മുഹമ്മദ് ഷാഫി എന്നീ പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിൽ വാങ്ങി പ്രതികളെ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണസംഘം പൂർത്തിയാക്കിയിട്ടുണ്ട്. കൂടുതൽ കൊലപാതകങ്ങൾ ഇവർ നടത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ.
ഒന്നാം പ്രതി ഷാഫിയും രണ്ടാം പ്രതി ഭഗവൽസിംഗും വിയ്യൂർ അതിസുരക്ഷാ ജയിലിലാണ്. മൂന്നാം പ്രതി ലൈല കാക്കനാട് ജയിലിലാണ്.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പദ്മയെയും റോസ്‌ലിയെയും ഇലന്തൂരിലെത്തിച്ച് ഷാഫിയും കൂട്ടുപ്രതികളും നരബലി നടത്തിയത്.