വൈപ്പിൻ : ഞാറക്കൽ സി. എച്ച്. സിയിൽ ഹൈബി ഈഡൻ എം. പിയുടെ നേതൃത്വത്തിൽ ഡയാലിസിസ് സെന്റർ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി.
ആദ്യഘട്ടത്തിൽ 4 ഡയാലിസിസ് മെഷീനുകൾ എം. പിഫണ്ടിൽനിന്ന് അനുവദിക്കും. നാഷണൽ ഹെൽത്ത് മിഷൻ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്, സത്യസായി ഓർഫനേജ് ട്രസ്റ്റ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നടത്തിപ്പ് ചുമതല സത്യസായി ഓർഫനേജ് ട്രസ്റ്റിനായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് മരുന്നിനുള്ള സംവിധാനം ഒരുക്കും. പരമാവധി സൗജന്യമായി ഡയാലിസിസ് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എം. പി. പറഞ്ഞു.
എം. പിയുടെ സാനിദ്ധ്യത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ ഡോ. സജിത് ജോൺ, സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. അനന്തകുമാർ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, മെമ്പർമാരായ അഗസ്റ്റിൻ മണ്ടോത്ത്, ഇ. കെ. ജയൻ തുടങ്ങിയവർ പങ്കെടുത്തു.