പറവൂർ: ആനച്ചാലിൽ കോടതി ഉത്തരവ് ലംഘിച്ച് തണ്ണീർത്തടം നികത്തുന്നതായി ആരോപണം. ഇന്നലെ വൈകിട്ട് മണ്ണ് കൊണ്ടുവരുന്ന വാഹനം ഇരുപതോളം യുവാക്കളുടെ നേതൃത്വത്തിൽ തടഞ്ഞു. ഇതേത്തുടർന്ന്സ്ഥലത്ത് സംഘർഷമുണ്ടായി.
പെർമിറ്റ് ഇല്ലാതെയാണ് വാഹനങ്ങൾ വരുന്നതെന്നും ജിയോളജി വകുപ്പിന്റെ പാസില്ലാതെയാണ് മണ്ണടിച്ച് നികത്തുന്നതെന്നും പരാതിയുണ്ടായിട്ടും സംഭവസ്ഥലത്തെത്തിയ പൊലീസ് വാഹനങ്ങൾ പിടിച്ചെടുക്കുവാനോ അനധികൃത മണ്ണടിക്കൽ തടയുവാനോ തയ്യാറായില്ലെന്ന് വാഹനം തടഞ്ഞ യുവാക്കൾ പറഞ്ഞു.
പതിനാറ് ഏക്കർ വരുന്ന കണ്ടൽക്കാടുകൾ നിറഞ്ഞ തണ്ണീർത്തടമാണ് കഴിഞ്ഞ മൂന്നുദിവസമായി രാത്രിയും പകലും മണ്ണടിച്ച് നികത്തിവരുന്നത്.
98 സെന്റ് സ്ഥലം നികത്താൻ ലഭിച്ച അനുമതിയുടെ മറവിലാണ് ഏക്കർ കണക്കിന് സ്ഥലം നികത്തുന്നതെന്നാണ് ആരോപണം. നികത്താൻ അനുമതി നേടിയതും അനധികൃതമാണെന്നും പരാതിയുണ്ട്. നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഒരേക്കർ തണ്ണീർത്തടംകൂടി തരംമാറ്റാൻ അനുമതിതേടി കോട്ടുവള്ളി വില്ലേജിൽ അപേക്ഷ നൽകിയെങ്കിലും നിരസിച്ചു.
തണ്ണീർത്തടം നികത്തുന്നതിനെതിരെ കൊടികുത്തിയ രാഷ്ട്രീയ പാർട്ടികളും സംഘടനകളും കുത്തിയ കൊടിയെല്ലാം ഊരിമാറ്റിയിട്ടുണ്ട്.