11
തൃക്കാക്കര നഗരസഭ നിർമ്മിച്ച വനിതാ വ്യവസായ കേന്ദ്രം വനിതകൾക്ക് വ്യവസായം തുടങ്ങാൻ തുറന്നുകൊടുക്കണമെന്ന് ബർസാത് വോക്കൽ ഫോർ ലോക്കൽ ഓ ൻട്രിപ്രിണേഴ്‌സ് ഫോറം ചെയർപേഴ്സൺ സി.വി സജനിയുടെ നേതൃത്വത്തിൽ കളക്ടർക്ക്‌ നിവേദനം നൽകുന്നു.

തൃക്കാക്കര: തൃക്കാക്കര നഗരസഭ നിർമ്മിച്ച വനിതാ വ്യവസായ കേന്ദ്രം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബർസാത് വോക്കൽ ഫോർ ലോക്കൽ ഓൺട്രപ്രിണേഴ്‌സ് ഫോറം ചെയർപേഴ്സൺ സി.വി സജനി കളക്ടർക്ക്‌ നിവേദനം നൽകി.തൃക്കാക്കര നഗരസഭ തെങ്ങോട് ആരംഭിച്ച വനിതാ വ്യവസായ കേന്ദ്രം നവീകരണത്തിന് ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴും വനിതാ സംരംഭകർക്ക് യാതൊരു പ്രോത്സാഹനം നൽകുന്നില്ലെന്ന കേരളകൗമുദി വർത്തയെത്തുടർന്നാണ് ഇടപെടൽ.

2013-18 കാലഘട്ടത്തിൽ മാത്രം വനിതാ വ്യവസായ കേന്ദ്രത്തിലെ പൊതുമരാമത്ത് വർക്കുകളിൽ 81 ലക്ഷം പാഴാക്കിയതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് പലതവണ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടായെങ്കിലും നഷ്ടം പരിഹരിക്കാനോ പിഴവുകൾ തിരുത്താനോ അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ കുടുംബശ്രീ പ്രവർത്തനമുള്ള നഗരസഭയാണ് തൃക്കാക്കര. കെട്ടിടം നിർമ്മിച്ച് പത്ത് വർഷം പിന്നിടുമ്പോഴും വനിതകൾക്ക് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. സ്വയംതൊഴിൽ ആരംഭിക്കുന്നതിന് നൂറുകണക്കിന് അപേക്ഷകരുള്ളപ്പോഴാണ് നഗരസഭയുടെ അനാസ്ഥ.
എത്രയും വേഗം വനിതാ വ്യവസായ കേന്ദ്രം വനിതകൾക്ക് വ്യവസായത്തിന് തുറന്നുകൊടുത്തില്ലെകിൽ കോടതിയെ സമീപിക്കാനാണ് ബർസാത് വോക്കൽ ഫോർ ലോക്കൽ ഓൺട്രപ്രിണേഴ്‌സ് ഫോറത്തിന്റെ തീരുമാനം.
ചെയർപേഴ്സൺ സിവി സജനി, ധന്യ സുദർശൻ, ടിന മേരി, പി.എം.അനീജ , ഷൈഗ മൈക്കിൾ, മേരി വിൽ‌സൺ തുടങ്ങിയവരും നിവേദക സംഘത്തിലുണ്ടായിരുന്നു.