മൂവാറ്റുപുഴ: മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ മെമ്പർഷിപ്പ് പ്രവർത്തനോദ്ഘാടനം സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ കനിവ് ചെയർമാൻ എം.എ. സഹീറീന് നൽകി നിർവഹിച്ചു. ജീവകാല അംഗത്വത്തിന് 5000 രൂപയും, സാധാരണ അംഗത്വത്തിന് 1000 രൂപയുമാണ് ഫീസ്. മെമ്പർഷിപ്പ് വിതരണ ചടങ്ങിൽ ചെയർമാൻ എം.എ.സഹീർ അദ്ധ്യക്ഷത വഹിച്ചു. കനിവ് സെക്രട്ടറി കെ.എൻ.ജയപ്രകാശ്, ട്രഷറർ വി.കെ. ഉമ്മർ, ഭരണ സമിതി അംഗങ്ങളായ എം.ആർ. പ്രഭാകരൻ, ടി.എം.ജലാലുദീൻ തുടങ്ങിയവർ സംസാരിച്ചു.
കോടതി സമുച്ചയത്തിന് എതിർവശത്തുള്ള എസ്തോസ് ഫൗണ്ടേഷൻ ബിൽഡിംഗിൽ കനിവ് ഓഫീസിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കും. അവശത അനുഭവിക്കുന്ന രോഗികൾക്ക് സൗജന്യ ഫിസിയോ തെറാപ്പി സെന്റർ കനിവ് ഓഫീസിനോട് അനുബന്ധമായി പ്രവർത്തിക്കും. വാട്ടർ ബെഡ്, വീൽചെയർ, വാക്കർ തുടങ്ങിയ ഉപകരണങ്ങൾ രോഗികൾക്ക് നൽകും.
രണ്ടാംഘട്ടത്തിൽ കിടപ്പ് രോഗികൾക്ക് വീടുകളിൽ എത്തിയുള്ള സാന്ത്വന പരിചരണവും ഡയാലിസിസ് യൂണിറ്റും രക്തബാങ്കും പ്രവർത്തനം ആരംഭിക്കും.