കോതമംഗലം: 'എനിച്ചും അറിയാം' മാജിക് കൈയിൽ ചുരുട്ടിപ്പിടിച്ച പേപ്പറുമായി മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മുന്നിലേക്ക് അമ്മയോടൊപ്പം കയറിവന്ന ഭിന്നശേഷിക്കാരനായ ശ്രേയസ് പറഞ്ഞപ്പോൾ മുതുകാടും വേദിയിലിരുന്നവരും ഒന്നമ്പരന്നു. ഒട്ടും താമസിച്ചില്ല കൈയിലിരുന്ന പേപ്പർ കുഴൽപോലെയാക്കി. ഇതിലൂടെ നോക്കുമ്പോൾ എന്തെങ്കിലും കാണുന്നുണ്ടൊ എന്നായി അടുത്തചോദ്യം ഇല്ലെന്ന് സദസിൽനിന്ന് മറുപടി. എന്നാൽ പേപ്പർകുഴലിൽനിന്ന് ശ്രേയസ് വർണറിബൺ പുറത്തെടുത്തപ്പോൾ സദസ് ഒന്നാകെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. കുട്ടി മജീഷ്യൻ ശ്രേയസ്സിനെ വാരിയെടുത്ത് നെറ്റിയിലും കവിളിലും ഉമ്മനൽകി ചേർത്ത് പിടിച്ച് ഗോപിനാഥ് മുതുകാട് അഭിനന്ദിച്ചു.
കോതമംഗലം പീസ് വാലിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഏർലി ഇന്റർവെൻഷൻ സെന്ററിന്റെ കുടുംബസംഗമത്തിലായിരുന്നു ഹൃദ്യമായ ഈ കാഴ്ചയൊരുക്കിയത്. മജീഷ്യൻ ഗോപിനാഥ് മുതുകാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇവർക്ക് സ്വാഭാവികമായി ഉൾച്ചേർക്കുന്ന വിദ്യാഭ്യാസ രീതിയാണ് വരും നാളുകളിൽ വേണ്ടതെന്നും പീസ് വാലിയുടെ പ്രവർത്തനം ഭാവികേരളത്തിന് മാതൃകയാണ്. വളർച്ചാപരമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ശാസ്ത്രീയമായ ചികിത്സയിലൂടെ കുട്ടികളെ സാധാരണ സ്കൂൾ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന സംവിധാനമാണ് ഏർലി ഇൻറർവെൻഷൻ സെന്റർ . ചടങ്ങിൽ പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സീമ ജി .നായർ, രാജീവ് പള്ളുരുത്തി, കെ.എ. ഷെമീർ തുടങ്ങിയവർ പ്രസംഗിച്ചു.