 കെ.പി. എൽസേബിയൂസ് മാസ്റ്റർ റോഡും കാര്യപറമ്പ് റോഡും കാലങ്ങളായി ശോചനീയാവസ്ഥയിൽ

കൊച്ചി: എറണാകുളം നോർത്ത് എസ്.ആർ.എം.റോഡിലെ കെ.പി.എൽസേബിയൂസ് മാസ്റ്റർ റോഡ് (സെക്കന്റ് ക്രോസ് റോഡ് ) കുണ്ടും കുഴിയുമായിട്ട് വർഷം അഞ്ചായി. മുതിർന്ന ഐ. എൻ.ടി.യു.സി നേതാവായിരുന്ന എൽസേബിയൂസ് മാസ്റ്ററുടെ ഓർമ്മയ്ക്കാണ് നോർത്ത് സ്റ്റേഷൻ രണ്ടാം പ്ളാറ്റ്ഫോമിലേക്കുള്ള പ്രധാന കവാടമായ റോഡിന് കോൺഗ്രസ് ഈ പേരിട്ടത്.

അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണിപ്പോൾ റോഡിന്റെ അവസ്ഥ! യു.ഡി.എഫ് കൗൺസിലർമാരായ രജനിമണിയുടെയും കാജൽ സലിമിന്റെയും ഡിവിഷൻ അതിർത്തിയിലാണ് ഈ റോഡ്. ഹൈബി ഈഡൻ എം.പിയുടെ ഓഫീസും തൊട്ടടുത്താണ്. സമീപത്തെ കാര്യപ്പറമ്പ് റോഡും 'ശോചനീയമായിട്ട്" കാലം കുറേയായി.

രണ്ടു റോഡുകളും നന്നാക്കണമെന്ന് ആവശ്യപ്പെട്ട് റെസിഡൻസ് അസോസിയേഷനുകളും മറ്റു സംഘടനകളും നിവേദനം നൽകുകയും ധർണകൾ നടത്തുകയും ചെയ്‌തിട്ടും ഫലമുണ്ടായില്ല. റോഡ് പുനർനിർമ്മാണത്തിന് കോർപ്പറേഷന്റെ അനുമതി ലഭിച്ചതായി കൗൺസിലർ രജനി മണി ഒന്നര വർഷം മുമ്പ് പ്രദേശവാസികൾക്ക് ഉറപ്പുനൽകിയെങ്കിലും പാഴ്‌വാക്കായി.

കൗൺസിലർമാരുടെ ചേരിപ്പോര്

എൽസേബിയൂസ് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് 13 റെസിഡൻസ് അസോസിയേഷനുകളുടെ ഐക്യവേദിയും കച്ചവടക്കാരുടെ പ്രതിനിധികളും കൗൺസിലർ കാജൽ സലിമിനൊപ്പം മേയർ എം. അനിൽകുമാറിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ ഫോട്ടോ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പറന്നതോടെ രജനിമണിക്ക് ക്ഷീണമായി. തന്റെ ഡിവിഷനിലെ കാര്യങ്ങളിൽ കാജൽ ഇടപെടുന്നതിലുള്ള പ്രതിഷേധം അവർ പാർട്ടി നേതൃത്വത്തെ അറിയിച്ചു.

റോഡുപണി ഉടനെന്ന്

''കുടിശിക ലഭിക്കാത്തതിന്റെ പേരിൽ കരാറുകാർ റോഡുപണി ഏറ്റെടുക്കാൻ വിസമ്മതിച്ചതാണ് പണിനീളാൻ കാരണം. നടപടിക്രമങ്ങൾ പൂർത്തിയായി. വർക്ക് എഗ്രിമെന്റിൽ ഈയാഴ്ച ഒപ്പിടും""

രജനിമണി,​

ഡിവിഷൻ കൗൺസിലർ

എസ്.ആർ.എം റോഡ് ഇരുട്ടിൽ

എറണാകുളം നോർത്ത്സ്റ്റേഷനിലെ രണ്ടാംപ്ളാറ്റ്‌ഫോമിൽ നിന്ന് പുറത്തേക്കുള്ള വഴിയിലും ശാസ്താ ടെമ്പിൾ റോഡിലും ടി.ജെ. വിനോദ് എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനവും പാഴ്വാക്കായെന്ന് റെസിഡൻസ് അസോസിയേഷനുകൾ കുറ്റപ്പെടുത്തുന്നു.