തൃപ്പൂണിത്തുറ: കോടികൾ മുടക്കി നിർമ്മിച്ച രണ്ട് മാളുകൾ നഗരസഭയ്ക്ക് കിട്ടേണ്ട വൻതുക നഷ്ടമാക്കുന്നു. ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷം പൂർത്തിയായ ടി.കെ.രാമകൃഷ്ണൻ മുനിസിപ്പൽ മാളും എ.ജി.രാഘവ മേനോൻ മുനിസിപ്പൽ മാളുമാണ് സർക്കാരിന്റെ അനാസ്ഥ മൂലം നഗരസഭയ്ക്ക് പ്രതിമാസം 70 ലക്ഷത്തോളം രൂപയുടെ നഷ്ടംവരുത്തുന്നത്.
ബൈലോ പാസാക്കുന്നതിൽ സർക്കാർ വരുത്തുന്ന കാലതാമസമാണ് ടെൻഡർ നടപടികൾ വൈകാൻ കാരണമെന്ന് പറയുന്നു. എന്നാൽ നഗരസഭയ്ക്ക് കിട്ടിയ നിയമോപദേശ പ്രകാരം ടി.കെ.രാമകൃഷ്ണൻ മാളിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും ആവശ്യക്കാർ ആരും എത്തിയിരുന്നില്ല. ബിസിനസ് മാന്ദ്യവും മാളിന്റെ രൂപകല്പനയിലെ അപാകതയുമാണ് വ്യാപാരികൾ അകലാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 10% സംവരണം നഗരസഭയുടെ അധീനതയിലുള്ള മറ്റ് കെട്ടിടങ്ങളിൽ നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമമുണ്ട്.
48,302 ചതുരശ്ര അടിയിൽ ബേസ്‌മെന്റും ഗ്രൗണ്ട് ഫ്ലോറും ഉൾപ്പെടെ അഞ്ച് നിലകളുള്ള ടി.കെ.രാമകൃഷ്ണൻ മുനിസിപ്പൽ മാളിന്റെ നിർമ്മാണ ചെലവ് ഏകദേശം 9 കോടിയാണ്. 57 വാഹനങ്ങൾ ബേസ്‌മെന്റിൽ പാർക്ക് ചെയ്യാം. താഴത്തെ നിലയും ഒന്നും രണ്ടും നിലകളും വ്യാപാര സ്ഥാപനങ്ങൾക്കും വിശാലമായ 3-ാം നില 130 സീറ്റ് വീതമുള്ള രണ്ട് സിനിമാശാലകൾക്കും ഫുഡ് കോർട്ടിനുമായാണ് അനുവദിച്ചിരിക്കുന്നത്. ഒറ്റ യൂണിറ്റായി അഞ്ച് വർഷത്തെ കാലയളവിലേക്കാണ് വാടകയ്ക്ക് നൽകുന്നത്.
18ാം തിയതി നടക്കുന്ന റീ ടെൻഡറിൽ 43,47,235 രൂപയാണ് നഗരസഭ മാസവാടകയായി നിശ്ചയിച്ചിരിക്കുന്നത്. സെക്യൂരിറ്റി ഡെപ്പോസിറ്റ്, അഡ്വാൻസ് ഇനത്തിൽ 8 കോടിയോളം രൂപ അടയ്ക്കണം. ഇതു കഴിഞ്ഞുള്ള മൂന്നാം ടെൻഡറിനും ആവശ്യക്കാരില്ലെങ്കിൽ കുറഞ്ഞ അടിസ്ഥാന വിലയ്ക്ക് ഓഫറിന് വയ്ക്കും. നഗരസഭയ്ക്ക് പ്രതിമാസ വാടക ഇനത്തിൽ രണ്ടു വർഷമായി കിട്ടാതിരുന്ന 10 കോടി മാളിന്റെ നിർമ്മാണ ചെലവിനേക്കാൾ അധികമാണ്. ഡെപ്പോസിറ്റ് ഇനത്തിൽ കിട്ടേണ്ട 8 കോടിയുടെ പലിശ നഷ്ടം വേറെ.
----------------------------------
ടെൻഡർ നടപടികൾ വൈകിച്ചത് ഭരണപക്ഷത്തിന്റെ പിടിപ്പുകേടാണ്. എല്ലാ നിലയിലും തികഞ്ഞ പരാജയമാണ് ഈ ഭരണം.
പി.കെ. പീതാംബരൻ, നഗരസഭ പ്രതിപക്ഷ നേതാവ്.
---------------------------------------------
സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭ മാൾ നിർമ്മിക്കുന്നത്. ബൈലോ അംഗീകരിച്ച് കിട്ടാനുള്ള താമസവും രണ്ടുവർഷമായുള്ള കോവിഡ് പ്രതിസന്ധിയും ടെൻഡർ നടപടികളെ ബാധിച്ചു.
രമ സന്തോഷ്, നഗരസഭാ ചെയർപേഴ്സൺ
-----------------------------------------------
ആധുനിക ഡിസൈനിൽ നിർമ്മിക്കാതെ പഴഞ്ചൻ രൂപരേഖയാണെന്നത് മാളുകളുടെ വലിയ പോരായ്മയാണ്.
എ.വി. ബൈജു, കെ.പി.എം.എസ്. ഏരിയാ സെക്രട്ടറി.