kaumudi
'മണപ്പുറം പാലത്തിൽ സാമൂഹികവിരുദ്ധർ വിലസുന്നു, ഉണരണം പൊലീസ്' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: ശിവരാത്രി മണപ്പുറം നടപ്പാലത്തിലെ സാമൂഹികവിരുദ്ധശല്യം ഒഴിവാക്കാൻ സി.സി ടിവി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. പൊലീസിന് ലൈവ് മോണിറ്ററിംഗ് സംവിധാനമുള്ള കാമറകൾ സ്ഥാപിച്ചാൽ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.

'മണപ്പുറം പാലത്തിൽ സാമൂഹികവിരുദ്ധർ വിലസുന്നു, ഉണരണം പൊലീസ്' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് വിഷയത്തിൽ ജനകീയ ഇടപെടൽ ഉണ്ടായത്. പൊതുജനങ്ങൾക്ക് പുറമെ പൊലീസും നിലപാടുമായി രംഗത്ത് വന്നിട്ടുണ്ട്. രാവിലെമുതൽ പകലന്തിയോളം സ്‌കൂൾ വിദ്യാർത്ഥികൾ തുടങ്ങി മുതിർന്നവരുടെവരെ തിരക്കായതിനാൽ കുടുംബസമേതം പാലത്തിലൂടെയുള്ള യാത്ര പോലും ദുസഹമാണ്. ഓരോരുത്തരും മണിക്കൂറുകളാണ് പാലത്തിൽ തമ്പടിക്കുന്നത്.

നഗരസഭയ്ക്കും സർക്കാരിനുംകത്ത് നൽകുമെന്ന് പൊലീസ്

പാലത്തിൽ സി.സി ടിവി കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആലുവ നഗരസഭയ്ക്കും സംസ്ഥാന സർക്കാരിനും കത്ത് നൽകുമെന്ന് ആലുവ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എയെ വിഷയം ധരിപ്പിച്ചിട്ടുണ്ട്. കാമറകൾക്കൊപ്പം പാലത്തിൽ കൈവരിയും അത്യാവശ്യമാണ്. ആത്മഹത്യാ പ്രേരണയിൽ പലരും പാലത്തിലേക്ക് വരുന്നുണ്ട്. പൂർണസമയം പൊലീസിനെ പാലത്തിൽ നിയോഗിക്കുകയെന്നത് അപ്രായോഗികമാണ്. അംഗബലമില്ലാത്തതാണ് പ്രധാനപ്രശ്നം. ഈ സാഹചര്യത്തിൽ കാമറ തന്നെയാണ് പ്രധാനപരിഹാര മാർഗമെന്നും അദ്ദേഹം പറഞ്ഞു.