പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിൽ വൃശ്ചികവേലിയേറ്റത്തിൽ വീടുകൾ മുങ്ങുന്ന പ്രതിഭാസത്തിന് പരിഹാരം കാണണമെന്ന് ആവശ്യം. പഞ്ചായത്തിലെ 15,16 വാർഡുകളിൽ ഉൾപ്പെടുന്ന തുരുത്തിപ്പുറം, വെള്ളോട്ട്പുറം പ്രദേശങ്ങളിലാണ് വൃശ്ചികവേലിയേറ്റത്തിൽ ജനങ്ങൾ പ്രതിസന്ധിയിലാകുന്നത്. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നെങ്കിലും പരിഹാര നടപടികൾ ഉണ്ടായിട്ടില്ല.

വേലിയേറ്റസമയത്ത് പാതിരാത്രിയിലും പുലർച്ചെയുമൊക്കെ പായും തലയിണയുമെടുത്ത് വീട്ടിൽനിന്ന് പുറത്തേക്കുപോകേണ്ട സ്ഥിതിയാണ് മേഖലയിലെ ജനങ്ങൾക്കുള്ളത്. പുഴയിലെയും തോട്ടിലെയും സകലമാലിന്യങ്ങളും വീടിനകത്തേക്ക് അടിച്ചുകയറും, ക്ലോസറ്റുകൾ നിറഞ്ഞുകവിയും, കക്കൂസ് മാലിന്യങ്ങൾ വീടുകളിൽ പരക്കും. ഉപ്പുവെള്ളംകയറി ഭൂമിയിൽ പുല്ലുപോലും കിളിർക്കാതായി. നിരവധി പരാതികളുംനിവേദനങ്ങളും നൽകിയിട്ടും പ്രക്ഷോഭം നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. തല ചായ്ക്കാനൊരിടം കിട്ടിയാൽ ജനിച്ചനാടും വീടുംഉപേക്ഷിക്കുവാൻ തയ്യാറായ മാനസിക അവസ്ഥയിലാണ് ഇവിടത്തുകാർ. 2022ലെ വൃശ്ചികം പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം.

പുഴയിൽനിന്ന് വെള്ളംകയറുന്ന തോടുകൾ വൃശ്ചികവേലിയേറ്റം കഴിയുംവരെ അടച്ചുവെച്ചാൽ ഉൾപ്രദേശത്തെ താഴ്ന്ന വീടുകളെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കാനാകും. നേരിട്ട് പുഴയിൽനിന്ന് വെള്ളം കയറുന്ന പ്രദേശങ്ങളിലെ തീരം കെട്ടിഉയർത്തിയാൽ വെള്ളം കയറുന്നത് ഒരുപരിധിവരെ തടയാം. ശാശ്വതവും ശാസ്ത്രീയവുമായ പദ്ധതികൾ തയ്യാറാക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നാണ് ആവശ്യം.